നിലമ്പൂർ: പുനരധിവാസത്തിന് ഫണ്ട് അനുവദിച്ച് മൂന്നുമാസമായിട്ടും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മേഖലകളിലെ കുടുംബങ്ങൾ നിലമ്പൂർ താലൂക്ക് ഓഫീസിന് മുന്നിൽ സമരം നടത്തി.
വഴിക്കടവ് പഞ്ചായത്തിലെ വെള്ളക്കട്ട ഐ.എച്ച്.ഡി.പി കോളനി, ആനമറി ഗാലക്സികുണ്ട്, വെട്ടുക്കത്തികോട്ട, പാലത്തിങ്കൽ, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് സമരവുമായെത്തിയത്.
75 കുടുംബങ്ങൾക്ക് സർക്കാർ അനുവദിച്ച 7.5 കോടി രൂപ മാസങ്ങൾ കഴിഞ്ഞിട്ടും വിതരണം ചെയ്തിട്ടില്ല. സ്ഥലം വാങ്ങാൻ ആറു ലക്ഷവും വീടിന് നാല് ലക്ഷവും ഉൾപ്പെടെ ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. പുനരധിവാസ ഫണ്ടായി 7.5 കോടി രൂപ തഹസിൽദാരുടെ അക്കൗണ്ടിലേക്ക് മാർച്ചിൽ തന്നെ എത്തിയിരുന്നു.
മഴ കനത്തതോടെ ചുരം താഴ് വാരത്തുള്ള ഇവിടുത്തെ കുടുംബങ്ങൾ ഇപ്പോഴും ഭീതിയിലാണ്.
സമരം സംസ്ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.വി പത്മാവതി അദ്ധ്യക്ഷത വഹിച്ചു. റജി കണ്ടത്തിൽ, പി.ഗോപാലൻ, ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു.
കോവിഡ് ലോക്ക് ഡൗൺ കാരണമാണ് ഫണ്ട് വിതരണം വൈകിയതെന്നും ഫണ്ട് ഉടൻ വിതരണം ചെയ്യുമെന്നും നിലമ്പൂർ തഹസിൽദാർ സമരക്കാർക്ക് ഉറപ്പു നൽകി.