മലപ്പുറം: ജില്ലയിൽ എട്ടുപേർക്ക് കൂടി ഇന്നലെ കൊവിഡ് -19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അർബുദബാധിതയായി ചികിത്സയിലിരിക്കെ മരിച്ച യുവതിയും ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. ഇവരുടെ ഭർത്താവ്, ഭർത്തൃ സഹോദരി, ദുബൈ, കുവൈത്ത്, ഖത്തർ, മുംബൈ എന്നിവിടങ്ങളിൽ നിന്നെത്തിയ നാല് പേർ, ഒരു എയർ ഇന്ത്യ ജീവനക്കാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. രോഗബാധിതരിൽ ആറുപേർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലുള്ള ഒരു പാലക്കാട് സ്വദേശിക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ രണ്ടിന് കോഴിക്കോട് സ്വകാര്യ അശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരിച്ച എടപ്പാൾ പൊറൂക്കര സ്വദേശിനി 27 കാരി ദുബായിൽ നിന്ന് മേയ് 20 ന് കൊച്ചി വഴിയാണ് തിരിച്ചെത്തിയത്. കൂടെയെത്തിയ ഇവരുടെ ഭർത്താവ് 35 കാരനും ഇവരെ പരിചരിച്ചിരുന്ന ഭർത്തൃ സഹോദരി എടപ്പാൾ കോലൊളമ്പ് സ്വദേശിനി 38 കാരിക്കും രോഗബാധ സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് മേയ് 31 ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയ വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി 51 കാരൻ, ജൂൺ രണ്ടിന് ഖത്തറിൽ നിന്ന് കൊച്ചിയിലെത്തിയ പെരുമ്പടപ്പ് സ്വദേശി 73 വയസുകാരൻ, മേയ് 26 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴി നാട്ടിലെത്തിയ താഴേക്കോട് അരക്കുപറമ്പ് സ്വദേശി 44 കാരൻ, മുംബൈയിൽ നിന്ന് മേയ് 14 ന് സ്വകാര്യബസിൽ നാട്ടിലെത്തിയ താനൂർ പനങ്ങാട്ടൂർ സ്വദേശി 60 വയസുകാരൻ എന്നിവർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഖത്തറിൽ നിന്നു വന്ന പെരുമ്പടപ്പ് സ്വദേശി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഇവരെ കൂടാതെ മേയ് 31 ന് ദുബായിൽ നിന്ന് കരിപ്പൂരിലെത്തി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ച പാലക്കാട് വല്ലപ്പുഴ സ്വദേശി 42 കാരനും കോവിഡ് ബാധ കണ്ടെത്തിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
എട്ടുപേർ കൊവിഡ് മുക്തർ
മലപ്പുറം: ജില്ലയിൽ ചികിത്സയിലായിരുന്ന എട്ട് പേർ കൊവിഡ് വിമുക്തരായി
ഇവരെ തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ്പ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റി
945 പേർ കൂടി നിരീക്ഷണത്തിൽ
ജില്ലയിൽ 945 പേരെ കൂടി ഇന്നലെ മുതൽ കൊവിഡ് നിരീക്ഷണത്തിലാക്കി.
ജില്ലയിൽ ആകെ കൊവിഡ് നിരീക്ഷണത്തിലുള്ളത് 11,564 പേർ
ജില്ലയിൽ ചികിത്സയിലുള്ളത് 88 പേർ
കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയിൽ 88 പേരാണ് നിലവിൽ മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
മാസ്കില്ല: 131 പേർക്കെതിരെ കേസ്
മലപ്പുറം:മാസ്‌ക് ധരിക്കാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങിയതിന് 131 പേർക്കെതിരെയും പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. ആരോഗ്യ ജാഗ്രത ലംഘിച്ചതിന് ജില്ലയിൽ 11 കേസുകൾ കൂടി ഇന്നലെ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 13 പേരെ ഇന്നലെ അറസ്റ്റു ചെയ്തു.