മലപ്പുറം : പരിസ്ഥിതി ദിനത്തിൽ മലപ്പുറം കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്രവളപ്പിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ക്ഷേത്ര പൂജാരി മണികണ്ഠൻ എമ്പ്രാന്തിരിയും സംയുക്തമായി മരം നട്ടു.
മൈത്രി എന്ന വൃക്ഷത്തൈക്ക് പേര് നൽകിയത്.
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് മേനകാ ഗാന്ധി ഉൾപ്പെടെയുള്ളവർ വിദ്വേഷ പ്രസ്താവന നടത്തിയ സാഹചര്യത്തിൽ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിന് വൻ സ്വീകാര്യതയാണ് നവമാദ്ധ്യമങ്ങളിൽ ലഭിച്ചത്. മൈത്രി എന്ന മരം വളർന്ന് വൃക്ഷമായി പ്രകൃതി സ്‌നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടെയും അടയാളമായി നമുക്ക് മീതെ എന്നും തണൽ വിരിയട്ടെ എന്ന മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മലപ്പുറം ത്രിപുരാന്തക ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിന് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സി.പി. സാദിഖലി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സുബൈർ മുഴിക്കൽ, ട്രഷറർ റഷീദ് കാളമ്പാടി, വാർഡ് കൗൺസിലർ ഹാരിസ് ആമിയൻ, ക്ഷേത്ര ഭാരവാഹികളായ സുരേഷ്, രാകേഷ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ് പാറച്ചോടൻ, ഭാരവാഹികളായ ഹക്കീം കോൽമണ്ണ, ഷാഫി കാടേങ്ങൽ, സദാദ് കാമ്പ്ര, റസാഖ് വാളൻ, റഹ്മാൻ മച്ചിങ്ങൽ, ഷബീബ് കുന്നുമ്മൽ , വി.ടി മുനീർ, റസാഖ് കാരാത്തോട്, അമീർ തറയിൽ, ഫെബിൻ കളപ്പാടൻ എന്നിവർ സംബന്ധിച്ചു.