fff
.

മലപ്പുറം : കൊവിഡ് ജില്ലയെ വിറപ്പിച്ച ആഴ്ചയാണ് കടന്നുപോകുന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 66 പേർക്കാണ്. ഈയാഴ്ച മൊത്തം 68 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 18 പേ‌ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കനുസരിച്ച് ഒരു ദിവസം ഏറ്റവുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇന്നലെയാണ്.

മഞ്ചേരിയിൽ ഐസൊലേഷനിലുള്ള ആലപ്പുഴ, പത്തനംതിട്ട സ്വദേശികൾക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. 18-ൽ ഏഴുപേർ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരും ആറുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ രണ്ടുപേർ ആരോഗ്യപ്രവർത്തകരും ഒരാൾ സ്വകാര്യ ലാബിലെ ജീവനക്കാരനുമാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണ്. ഇവർക്കു പുറമെ വിദേശരാജ്യങ്ങളിൽ നിന്നെത്തി മഞ്ചേരിയിൽ ഐസൊലേഷനിലുള്ള ആലപ്പുഴ, പത്തനംതിട്ട സ്വദേശികൾക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മഞ്ചേരി സ്വകാര്യ ലാബിലെ ജീവനക്കാരനായ ആനക്കയം പന്തല്ലൂർ അരീച്ചോല സ്വദേശി(30)​, മഞ്ചേരിയിലെ ആശ വർക്കറായ മഞ്ചേരി മാര്യാട് വീമ്പൂർ സ്വദേശി(48)​ , മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആനക്കയം പാണായി സൗദിപ്പടി സ്വദേശി(27)​, പാലക്കാട് രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരന്റെ ഭാര്യയുടെ സഹോദരീ ഭർത്താവ് കുറുവ പാങ്ങ് സ്വദേശി( 41)​, കൽപ്പകഞ്ചേരി മാമ്പ്ര സ്വദേശി 36 കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
മേയ് 20ന് റിയാദിൽ നിന്ന് കണ്ണൂർ വഴിയെത്തിയ മമ്പാട് ഓമല്ലൂർ തോട്ടിന്റക്കര സ്വദേശി(44), മേയ് 31ന് റിയാദിൽ നിന്ന് തിരുവനന്തപുരം വഴിയെത്തിയ അങ്ങാടിപ്പുറം തിരൂർക്കാട് സ്വദേശി (29)​, മേയ് 19ന് റിയാദിൽ നിന്ന് കരിപ്പൂരിലെത്തിയ പോരൂർ ചാത്തങ്ങോട്ടുപുറം സ്വദേശിയായ ഡോക്ടർ( 33) ഡോക്ടർ, ജൂൺ ഒന്നിന് മസ്‌കറ്റിൽ നിന്ന് കരിപ്പൂർ വഴി ഒരുമിച്ചെത്തിയ തലക്കാട് ബി.പി അങ്ങാടി സ്വദേശി( 60)​,​ ഇയാളുടെ 33 കാരനായ മകൻ, മേയ് 29 ന് ജിദ്ദയിൽ നിന്ന് കരിപ്പൂരിലെത്തിയ വെട്ടത്തൂർ സ്വദേശി(57)​, മേയ് 26ന് ബഹ്റിനിൽ നിന്ന് കരിപ്പൂർ വഴി നാട്ടിലെത്തിയ പൊന്നാനി പുതുപൊന്നാനി സ്വദേശി( 62)​,​ മുംബൈയിൽ നിന്ന് മേയ് 26ന് തിരിച്ചെത്തിയ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി( 66)​, മേയ് 19 ന് മുംബൈയിൽ നിന്ന് ഒരുമിച്ച് തിരിച്ചെത്തിയ മഞ്ചേരി മാര്യാട് സ്വദേശി( 33)​, പൊന്മള ചാപ്പനങ്ങാടി സ്വദേശി(32)​, മുംബൈയിൽ നിന്ന് മേയ് 23 ന് എത്തിയ കാലടി പൊൽപ്പാക്കര സ്വദേശി (23)​, മേയ് 21 ന് ചെന്നൈയിൽ നിന്നെത്തിയ പരപ്പനങ്ങാടി ചട്ടിപ്പടി കുപ്പിവളവ് സ്വദേശി(57)​, ഡൽഹിൽ നിന്നുള്ള പ്രത്യേക തീവണ്ടിയിൽ മേയ് 18 ന് കോഴിക്കോടെത്തി നാട്ടിൽ തിരിച്ചെത്തിയ തവനൂർ ആന്തല്ലൂർ സ്വദേശി( 31)​എന്നിവരാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവർ. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലുള്ള ആലപ്പുഴ ഭൂതന്നൂർ സ്വദേശി ജൂൺ ഒന്നിന് മസ്‌കറ്റിൽ നിന്നും പത്തനംതിട്ട അടൂർ തുവയൂർ സൗത്ത് സ്വദേശി മേയ് 26 ന് കുവൈത്തിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയവരാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.


417 പേർക്കുകൂടി ജില്ലയിൽ ഇന്നലെ കൊവിഡ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി 12,216 പേരാണ് ഇപ്പോൾ ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത്.

275 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.

ജില്ലയിൽ ചികിത്സയിലുള്ളത് 109 പേർ

കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയിൽ 109 പേരാണ് നിലവിൽ മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഡോ. കെ. സക്കീന ,​ജില്ലാ മെഡിക്കൽ ഓഫീസർ