മലപ്പുറം: കൊവിഡ്-19 ബാധിച്ചു വിദേശത്ത് മരണപ്പെട്ടവരുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11ന് നോർക്കയുടെ മേഖല ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. കെ.എം.സി.സി യോഗത്തിന് ശേഷം മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നടക്കുന്ന സമരത്തിൽ കൊവിഡ് -19 ബാധിച്ചു വിദേശത്ത് മരണപ്പെട്ടവരുടെ ആശ്രിതർ പങ്കെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
നിലവിൽ 170 ലധികം പ്രവാസികൾ മരിച്ചുവെന്നാണ് വിവരം. മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10 ലക്ഷം അനുവദിക്കണം. നാട്ടിലേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും യാത്രാസൗകര്യം ഏർപ്പെടുത്തണമെന്നും നേതാക്കൾ പറഞ്ഞു.
സൗദി കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, കെ.എം.സി.സി നേതാക്കളായ മൊയ്തീൻ കോയ കല്ലമ്പാറ, പി.എം അബ്ദുൾ ഹഖ്, സി.കെ ഷാക്കിർ, പി.എം.എ ജലീൽ, റഫീഖ് പാറക്കൽ, ഗഫൂർ പട്ടിക്കാട്, മജീദ് അരിമ്പ്ര എന്നിവർ പങ്കെടുത്തു.