പൊന്നാനി: പൊന്നാനി നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ ഉറപ്പാക്കാൻ സംവിധാനങ്ങളൊരുങ്ങുന്നു.നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിളിച്ചു ചേർത്ത വിവിധ പൊതു വിദ്യാലയ മേധാവികളുടെയും വിദ്യാഭ്യാസ വകുപ്പ് തലവൻമാരുടെയും യോഗത്തിലാണ് ബഹുമുഖ സംവിധാനങ്ങളൊരുക്കാൻ തീരുമാനമായത്.
ഓൺലൈൻ അദ്ധ്യയനത്തിൻ്റെ ട്രയൽ തുടങ്ങിയ ശേഷം ടെലിവിഷൻ വഴിയും സ്മാർട്ട് ഫോൺ വഴിയും ക്ലാസുകൾ അപ്രാപ്യമായ വിദ്യാർത്ഥികളുടെ കണക്കുകൾ ഇതിനകം ശേഖരിച്ചിട്ടുണ്ട്. വിവിധ വാർഡുകളിലെ അങ്കണവാടികൾ,പഞ്ചായത്തിൻ്റെ പൊതു ഇടങ്ങൾ,ചെറുതും വലുതുമായ വിദ്യാലയങ്ങൾ, വായനശാലകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള സൗകര്യങ്ങളൊരുക്കും. വീടുകളിൽ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഇത്തരം കേന്ദ്രങ്ങളിൽ ഓൺലൈൻ ക്ലാസുകൾ പ്രാപ്യമാക്കും.ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാനാകാത്ത കുട്ടികളുടെ സൂക്ഷ്മ പട്ടിക തയ്യാറാക്കും.ദാരിദ്ര്യവും അസൗകര്യവുമുള്ള കുട്ടികൾക്കായി സാമൂഹിക സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് ബദൽ സംവിധാനങ്ങൾ ഒരുക്കാനും ധാരണയായി.പൊന്നാനി എsപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും, യു ആർ സി,ബി ആർ സി കോ ഓഡിനേറ്റർമാരും ഹയർസെക്കൻഡറി -ഹൈസ്കൂൾ പ്രധാന അദ്ധ്യാകരും യോഗത്തിൽ പങ്കെടുത്തു.