ചേളാരി: നിയന്ത്രണങ്ങൾക്കു വിധേയമായി ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയ പശ്ചാത്തലത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മഹല്ലു കമ്മിറ്റികൾക്ക് സർക്കാരിന്റെ നിബന്ധനകളും മറ്റും ഉൾക്കൊള്ളിച്ച് നിർദ്ദേശങ്ങൾ നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, സെക്രട്ടറി എം.ടി അബ്ദുള്ള ല മുസ്ലിയാർ എന്നിവരാണ് നിർദ്ദേശങ്ങൾ നൽകിയത്.
നിർദ്ദേശങ്ങൾ
2020 ജൂൺ 8ന് പള്ളികൾ അണുവിമുക്തമാക്കണം. പള്ളിയും പരിസരവും ശുചീകരിക്കണം . പള്ളിയിലേക്ക് വരുമ്പോഴും പോവുമ്പോഴും ആരാധനാ സമയത്തും സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ധരിക്കേണ്ടതുമാണ്.
പള്ളിയിൽ പ്രവേശിക്കും മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകഴുകണം. നിസ്കരിക്കാനാവശ്യമായ വിരി, ഖുർആൻ പാരായണത്തിനാവശ്യമായ മുസ്ഹഫ് എന്നിവ സ്വന്തമായി കൊണ്ടുവരണം. ഹൗളുകൾ ഒഴിവാക്കി വീടുകളിൽ നിന്നോ പള്ളികളിൽ സ്ഥാപിച്ച ടാപ്പിൽ നിന്നോ അംഗശുദ്ധി വരുത്തണം.
പള്ളിയിൽ വരുന്നവരുടെ പേരും ഫോൺ നമ്പറും ക്രമപ്രകാരം രേഖപ്പെടുത്തുന്നതിന് രജിസ്റ്റർ വയ്ക്കണം. എഴുതാനുള്ള പേന സ്വന്തമായി കരുതണം. ഹസ്തദാനം പാടില്ല.
എയർകണ്ടീഷൻ ഉപയോഗം 2430 ഡിഗ്രി സെൽഷ്യസ് ആയി പരിമിതപ്പെടുത്തുക.