മഞ്ചേരി :നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടെയ്ന്റ്‌മെന്റ് സോണുകളാക്കിയതോടെ കർശന നിയന്ത്രണങ്ങൾ ആരംഭിച്ചു.
നഗരം സ്ഥിതി ചെയ്യുന്ന വാർഡുകൾ ഉൾപ്പെടെയുള്ളവയാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതുകാരണം അവശ്യ സർവ്വീസുകളൊഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ പൊലീസ് നിർദ്ദേശപ്രകാരം പതിനൊന്നോടെ അടച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് മഞ്ചേരി നഗരസഭയിലെ ഏഴു വാർഡുകൾ കണ്ടെയ്ന്റ്മെന്റ് സോണാക്കി ഉത്തരവിറക്കിയത്.വാർഡ് 5 ചെരണി, 6 നെല്ലിപറമ്പ്, 12 മംഗലശ്ശേരി, 14, 16 വാർഡുകളായ താണിപാറ, കിഴക്കേത്തല, 33 മഞ്ചേരി ടൗൺ, 46 വീമ്പൂർ എന്നിവയാണ് സോണിലുൾപ്പെടുത്തിയത്.
ഇതോടെ കർശന നിയന്ത്രണങ്ങളൊരുക്കി പൊലീസ് ഈ പ്രദേശങ്ങൾ അടച്ചു പൂട്ടി.
ചെരണിയിലെ താമസക്കാരനായ അസം സ്വദേശിക്കും മഞ്ചേരിയിലെ സ്വകാര്യ ലാബ് ജീവനക്കാരനായ പന്തല്ലൂർ അരീച്ചോല സ്വദേശിക്കും ആശാ വർക്കറായ മാര്യാട് സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പുതിയ ക്രമീകരണം .
പ്രത്യേക സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
ഏഴ് വാർഡുകളിലും നഗരത്തിലേക്ക് കടക്കുന്ന അതിർത്തികളിലും പൊലീസ് ബാരിക്കേഡ് വച്ച് നിയന്ത്രിക്കും. സർക്കാർ നിലവിൽ നൽകിയ ഇളവുകൾ കണ്ടയ്ന്റ്‌മെന്റ് സോണിൽ ബാധകമായിരിക്കില്ല പലചരക്ക്, പച്ചക്കറി സ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ 11 വരെ പ്രവർത്തിക്കാം, ഹോട്ടലുകളിൽ പാഴ്സൽ സർവ്വീസ് അനുവദിക്കും മെഡിക്കൽ ഷോപ്പ് ഉൾപെടെയുള്ള അവശ്യ സർവ്വീസുകൾക്കും പ്രവർത്തിക്കാം കണ്ടയ്ന്റ്‌മെന്റ് സോണിലുൾപെടുന്ന വാർഡുകളിലുള്ളവർ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചു.