online-study

 ചിത്രം വൈറൽ, ഉടൻ ഫലം

മലപ്പുറം: ഓൺലൈൻ ക്ലാസിന് നെറ്റ്‌വ‌ർക്ക് റേഞ്ച് വില്ലനായതോടെ നമിത പിന്നൊന്നും ആലോചിച്ചില്ല. പുരപ്പുറത്ത് കയറിയിരുന്ന് പഠനം തുടങ്ങി. ഇരുനില വീടിന്റെ ഓടുമേഞ്ഞ പുരപ്പുറത്ത് മൊബൈൽ ഫോണും പിടിച്ചിരുന്ന് പഠനം നടത്തുന്ന വിദ്യാർത്ഥിനിയുടെ ചിത്രം വൈറലായതോടെ ഹൈസ്പീഡ് നെറ്റ്‌വർക്കുമായി കമ്പനികളെത്തി. പ്രശ്ന പരിഹാരവുമായി ജിയോ മൂന്നു മാസത്തെ ഹൈ സ്പീഡ് കണക്‌ഷനാണ് സൗജന്യമായിനൽകിയത്. എയർടെല്ലും ഫുൾറേഞ്ച് കണക്‌ഷൻ ഓഫർ ചെയ്തു. മലപ്പുറം കോട്ടയ്ക്കലാണ് സംഭവം.

കുറ്റിപ്പുറം കെ.എം.സി.ടി ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് നമിത. പുരപ്പുറത്തെ പഠനത്തിന്റെ ഫോട്ടോയെടുത്ത് സഹോദരി നയന വാട്സാപ്പ് സ്റ്റാറ്റസാക്കിയതോടെയാണ് ചിത്രം വൈറലായത്.

വിവിധ ഇന്റർനെറ്റ് സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നമിതയും കുടുംബവും പലതവണ ബന്ധപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. നമിതയുടെ ചിത്രം കണ്ട് സ്ഥലം എം.പി ഇ.ടി. മുഹമ്മദ് ബഷീറും എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളും വിളിച്ച് കാര്യമന്വേഷിച്ചിരുന്നു. ചിത്രം കോളേജിന്റെ ശ്രദ്ധയിൽ പെട്ടതോടെ പ്രിൻസിപ്പലും അദ്ധ്യാപരും വിളിച്ചു. കോട്ടയ്ക്കൽ അരീക്കൽ ചെട്ട്യാർപടിയിലെ നാരായണൻ കുട്ടി - ജിജ ദമ്പതികളുടെ മകളാണ് നമിത. സിവിൽ സർവീസ് നേടുകയാണ് ഈ മിടുക്കിയുടെ ലക്ഷ്യം.