പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിനു മുകളിൽ ലോറി തകരാറിലായതിനെ തുടർന്ന് അങ്ങാടിപ്പുറം മേൽപ്പാലവും സമീപ ജംഗ്ഷനുകളും ഗതാഗതക്കുരുക്കിലായി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ അങ്ങാടിപ്പുറം ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് എംസാന്റുമായി പോകുകയായിരുന്ന ലോറി അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിനു മുകളിൽ വച്ച് തകരാറിലായതിനെ തുടർന്നായിരുന്നു ഗതാഗതക്കുരുക്ക്. വളരെ പെട്ടെന്നു തന്നെ വാഹനങ്ങളാൽ മേൽപ്പാലം നിറഞ്ഞു. ഒരു ഹോം ഗാർഡ് മാത്രമായിരുന്നു ഗതാഗതം നിയന്ത്രിക്കാനുണ്ടായിരുന്നത്. തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നെത്തിയ ട്രാഫിക്ക് എ എസ്.ഐ വിജയനും സംഘവുമാണ് ഗതാഗതം നിയന്ത്രിച്ചത്.
ആംബുലൻസ് അടക്കം വാഹനങ്ങളും ഈ കുരുക്കിൽപ്പെട്ടു. ഒരു വശത്തിലൂടെ മാത്രമായിരുന്നു വാഹനങ്ങളെ കടത്തിവിട്ടിരുന്നത്. ഇതിനിടെ തെറ്റായ ദിശയിലൂടെ വാഹനങ്ങൾ കയറി വന്നതും ഗതാഗതം നിശ്ചലമാക്കി. ലോറിയിൽ നിറയെ ലോഡായതിനാൽ വാഹനം തള്ളി നീക്കാനും സാധിച്ചില്ല
ഉച്ചയ്ക്ക് ഒന്നരയോടെയാണ് തകരാർ പരിഹരിച്ച ശേഷമാണ് ലോറി മാറ്റി ഗതാഗതം പൂർവ്വസ്ഥിതിയിലായത്.