വളാഞ്ചേരി: പെരിന്തൽമണ്ണ റോഡിലെ ഫാമിലി ഫൂട്‌വെയർ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ തീപിടിത്തമുണ്ടായി. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരൂരിൽ നിന്നെത്തിയ അഗ്നിശമനസേനയും വളാഞ്ചേരി പൊലീസും നാട്ടുകാരും ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത്. വേങ്ങാട് സ്വദേശി ഇബ്രാഹിം കുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാമിലി ഫൂട്‌വെയർ. ഈ സ്ഥാപനത്തിനോട് ചേർന്ന് തന്നെയുള്ള കെട്ടിടത്തിലാണ് ഗോഡൗണും സ്ഥിതി ചെയ്യുന്നത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മോട്ടോറിൽ വെള്ളം പമ്പ് ചെയ്താണ് തൊട്ടടുത്ത സ്ഥാപനങ്ങളിലേക്ക് തീപടരാതെ രക്ഷപ്പെടുത്തിയത്.