മലപ്പുറം: ജില്ലയിൽ 12 പേർക്ക് കൂടി ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരും നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവർക്കു പുറമെ വിദേശ രാജ്യങ്ങളിൽ നിന്നെത്തി മഞ്ചേരിയിൽ ഐസൊലേഷനിലുള്ള രണ്ട് പാലക്കാട് സ്വദേശികൾക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

എടപ്പാളിൽ ഭിക്ഷാടനം നടത്തുന്ന സേലം സ്വദേശി 80 കാരൻ, കുറ്റിപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജൂൺ ഒന്നിന് അറസ്റ്റിലായ കുറ്റിപ്പുറം പുഴമ്പുറം സ്വദേശി 43 കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. കുറ്റിപ്പുറം സ്വദേശിക്ക് റിമാൻഡിനു മുമ്പായി നടത്തിയ വൈദ്യ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

മേയ് 26 ന് അബുദാബിയിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ തുവ്വൂർ ആമപ്പൊയിൽ സ്വദേശിനി ഗർഭിണിയായ 30 വയസുകാരി, ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി വഴി ജൂൺ ഒന്നിന് വീട്ടിലെത്തിയ മലപ്പുറം കോട്ടപ്പടി ഇത്തിൾപ്പറമ്പ് സ്വദേശി 43 കാരൻ, നൈജീരിയയിലെ ലാവോസിൽ നിന്ന് കൊച്ചി വഴി മേയ് 31 ന് എത്തിയ പുലാമന്തോൾ കട്ടുപ്പാറ സ്വദേശി 36 കാരൻ, മുംബൈയിൽ നിന്ന് പ്രത്യേക തീവണ്ടിയിൽ മേയ് 27 ന് കൊച്ചി വഴിയെത്തിയ വട്ടംകുളം കുറ്റിപ്പാല സ്വദേശി 25 കാരൻ, ജിദ്ദയിൽ നിന്ന് ജൂൺ രണ്ടിന് കരിപ്പൂരിലെത്തിയ നിറമരുതൂർ സ്വദേശി 44 കാരൻ, മേയ് 20 ന് ദുബായിൽ നിന്ന് കൊച്ചി വഴിയെത്തിയ ചങ്ങരംകുളം കോക്കൂർ സ്വദേശി 30 കാരൻ, മുംബൈയിൽ നിന്ന് മേയ് 26 ന് സ്വകാര്യ വാഹനത്തിൽ എത്തിയ മംഗലം ചേങ്ങര സ്വദേശി 65 വയസുകാരൻ, പ്രത്യേക വിമാനത്തിൽ ജൂൺ ഒന്നിന് മുംബൈയിൽ നിന്ന് ബാംഗ്ലൂർ വഴിയെത്തിയ തിരൂർ മേൽമുറി സ്വദേശി 20 കാരൻ, ദുബായിൽ നിന്ന് മേയ് 31 ന് കരിപ്പൂരിലെത്തിയ തിരൂർ വെട്ടം സ്വദേശിനി 25 കാരി, ജൂൺ ഒന്നിന് റിയാദിൽ നിന്ന് തിരുവനന്തപുരം വഴി നാട്ടിലെത്തിയ എ.ആർ. നഗർ കുന്നുംപുറം സ്വദേശി 35 കാരൻ എന്നിവരാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവർ.

ഇവരെ കൂടാതെ ജൂൺ രണ്ടിന് അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി 33 കാരനും ജൂൺ രണ്ടിന് ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയ പാലക്കാട് കുലുക്കല്ലൂർ മുളയങ്കാവ് സ്വദേശി 29 കാരനും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

821 പേർക്കുകൂടി ജില്ലയിൽ ഇന്നലെ മുതൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി

12,242 പേരാണ് ഇപ്പോൾ ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത്.

122 പേരാണ് ജില്ലയിൽ നിലവിൽ കൊവിഡ് ചികിത്സയിലുള്ളത്.

ജാഗ്രതയിൽ വീഴ്ച പാടില്ല: മന്ത്രി

മലപ്പുറം : കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി ഡോ.കെ.ടി ജലീൽ അറിയിച്ചു. ജില്ലയിൽ രോഗികൾ കൂടുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ ഗൗരവമായി പാലിക്കണം. ജില്ലയിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സഹകരണം ഉറപ്പുവരുത്താനായി കളക്ടറേറ്റിൽ ചേർന്ന വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ആരോഗ്യജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പലയിടങ്ങളിലും വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമെല്ലാം ജനങ്ങൾ മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും തടിച്ചു കൂടുന്ന സാഹചര്യമുണ്ട്. ഇത്തരം ആരോഗ്യ ജാഗ്രത ലംഘനങ്ങൾ യാതൊരു കാരണവശാലും അനുവദിക്കാനാവില്ല കോവിഡിന്റെ മറവിൽ ഗുണനിലവാരമില്ലാത്ത പ്രതിരോധ സാമഗ്രികൾ പൊതുജനങ്ങൾക്കിടയിൽ വിപണനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം ഉത്പന്നങ്ങൾ ജില്ലയിൽ വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നിയമനടപടികളെടുക്കും.

കൊവിഡ് മൂലം മരണപ്പെടുന്നവരുടെ മൃതദേഹം മാനദണ്ഡങ്ങൾ അനുസരിച്ച് എവിടെയും സംസ്‌കരിക്കാം എന്നിരിക്കെ ഇത്തരം കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് ആശങ്കകൾ വേണ്ടെന്നും മന്ത്രി പറഞ്ഞു.

നിരീക്ഷണത്തിലിരിക്കാൻ വീടുകളിൽ സൗകര്യങ്ങളുണ്ടെങ്കിൽ വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇനി വരുന്ന ആളുകൾ എയർപോർട്ടിലെ പരിശോധനകൾക്ക് ശേഷം ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തോടെ അത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണം. നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക സമ്മർദം കുറയ്ക്കാൻ ഇത് പ്രയോജനപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപന അധികൃതർ പരിശോധന നടത്തി മതിയായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തിയാലേ അനുമതി നൽകൂ. മഴക്കാലമെത്തിയ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം മറ്റ് പകർച്ചവ്യാധികൾ പകരുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.

യോഗത്തിൽ ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, എ.ഡി.എം എൻ.എം മെഹറലി, ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ, എൻ.എച്ച്.എം ജില്ലാപ്രോഗ്രാം മാനേജർ ഡോ.എ.ഷിബുലാൽ തുടങ്ങിയവർ പങ്കെടുത്തു.

കൊവിഡ് ചികിത്സയിൽ കഴിയുന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകി

മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകി. വേങ്ങര സ്വദേശിനിയായ 26 കാരിയാണ് കൊവിഡ് ആശങ്കകൾക്കിടയിലും മാതൃത്വത്തിന്റെ മാധുര്യമറിഞ്ഞത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ഇന്നലെ പുലർച്ചെ പന്ത്രണ്ടോടെയാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. 2.5 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനിയായ ഇവർ മേയ് 18നാണ് അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയത്. 19ന് വീട്ടിലെത്തിയ ഇവരെ രോഗലക്ഷണങ്ങളോടെ 28ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂൺ രണ്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രസവ ശസ്ത്രക്രിയക്ക് മുമ്പ് ട്രൂനാറ്റ് മെഷീനിലൂടെ നടത്തിയ സ്രവ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

നാട്ടിലേക്ക് മടങ്ങേണ്ട അന്യസംസ്ഥാന തൊഴിലാളികൾ ബന്ധപ്പെടണം

മലപ്പുറം: ലോക്ക് ഡൗൺ മൂലം ജില്ലയിൽ അകപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളിൽ ഇനിയും സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ താത്പര്യമുള്ളവർ വ്യക്തിഗത വിവരങ്ങൾ ലഭ്യമാക്കണമെന്ന് ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവർ പേര്, വിലാസം, സംസ്ഥാനം തുടങ്ങിയ വിവരങ്ങൾ അവർ താമസിക്കുന്ന പഞ്ചായത്ത്,​ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ അറിയിക്കണം. ഇതര സംസ്ഥാന തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ നാട്ടിൽ തിരിച്ചെത്തിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

നാട്ടിൽ പോകാൻ സന്നദ്ധത അറിയിച്ച മുഴുവൻ ഇതരസംസ്ഥാന തൊഴിലാളികളെയും ഇതിനോടകം സ്വദേശത്തേക്ക് മടക്കി അയച്ചതായി ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ജില്ലയിൽ നിന്ന് പ്രത്യേക തീവണ്ടികളിൽ 29,570 തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയത്.