കുറ്റിപ്പുറം: തവനൂർ പഞ്ചായത്തിനെ വിടാതെ പിന്തുടരുകയാണ് ആഫ്രിക്കൻ ഒച്ചുകൾ. മഴക്കാലമായതോടെ എട്ടാം വാർഡ് കൂരടയിൽ ഒച്ച് ശല്യം അതിരൂക്ഷമായിട്ടുണ്ട്. വീട്ട്ചുമരിലും മതിലിലും ചെടികളുടെ മുകളിലുമായി നൂറുകണക്കിന് ആഫ്രിക്കൻ ഒച്ചുകളാണ് സ്ഥാനംപിടിച്ചിട്ടുള്ളത്. ഈർപ്പമുള്ള ഭാഗങ്ങളിൽ ആദ്യമെത്തുന്ന ഇവ പിന്നീട് വീടിന്റെ വിവിധ ഭാഗങ്ങളിലും മതിലുകളിലും അരിച്ചെത്തും. വൈകിട്ടാണ് ഒച്ചുകളെ കൂടുതലായും കാണുന്നത്. മഴ പെയ്തതോടെ പ്രദേശത്ത് ഒച്ചുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷവും ഈ സമയത്ത് പ്രദേശത്ത് ഒച്ചുകളെ വ്യാപകമായി കണ്ടതോടെ വന ഗവേഷണ കേന്ദ്രം അധികൃതർ സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധ ലായനി തളിക്കാനും ഒച്ച് ട്രാപ്പുകൾ സ്ഥാപിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.