മലപ്പുറം: പ്രളയം രണ്ട് തവണ ജില്ലയെ മുക്കിതാഴ്ത്തിയിട്ടും യാതൊരു പാഠവും പഠിക്കാൻ അധികൃതർ തയ്യാറാവാത്തതിന്റെ ദുരിതംപേറി മലയോരം. കഴിഞ്ഞ ദിവസത്തെ മഴയിൽ നിലമ്പൂരിൽ സി.എൻ.ജി റോഡ് വീണ്ടും വെള്ളത്തിനടിയിലായി. കഴിഞ്ഞ പ്രളയത്തിൽ ചാലിയാറിൽ അടിഞ്ഞുകൂടിയ മണലും മാലിന്യങ്ങളും നീക്കം ചെയ്യാതെ വന്നതോടെ മഴ പെയ്താൽ പുഴ വേഗത്തിൽ കര കവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. ചാലിയാറിലെ പ്രളയ മാലിന്യം ജൂൺ അഞ്ചിനകം നീക്കം ചെയ്യണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം ഇതുവരെ നടപ്പാക്കിയിട്ടില്ല. പഞ്ചായത്തുകൾ സമർപ്പിച്ച എസ്റ്റിമേറ്റിന് ജില്ലാ ഭരണകൂടം അംഗീകാരം നൽകി തുക അനുവദിച്ചിരുന്നെങ്കിലും നടപടികൾ ഒന്നുമായില്ല. ജനുവരിൽ തുടങ്ങിയ പ്രവർത്തനങ്ങൾ ആറ് മാസമായിട്ടും ഫയലുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
2019 ഡിസംബറിൽ തന്നെ പ്രളയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ ജില്ലാ കളക്ടർക്ക് നിർദ്ദേശമേകിയിരുന്നു. ഇതേതുടർന്ന് ജനുവരിയിൽ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം വിളിക്കുകയും മാർച്ച് 15നകം മാലിന്യങ്ങൾ നീക്കം ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇതുവരെയായിട്ടും മാലിന്യം നീക്കം ചെയ്യുന്ന നടപടി എങ്ങുമെത്തിയിട്ടില്ല. ചില പഞ്ചായത്തുകളിൽ ലേലമെടുക്കാൻ ആളില്ലാത്തതാണ് പ്രശ്നമെങ്കിൽ മറ്റിടങ്ങളിൽ നടപടികൾ തുടങ്ങുന്നതേയുള്ളൂ. കഴിഞ്ഞ പ്രളയത്തിൽ നിലമ്പൂർ മേഖല ഒന്നാകെ വെള്ളത്തിനടിയിലായിരുന്നു. കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പൊലിഞ്ഞ 59 ജീവനുകളടക്കം വലിയ നഷ്ടങ്ങൾക്കും ജില്ല സാക്ഷിയായി.
ഇത്തവണ മൺസൂൺ കനക്കുമെന്ന മുന്നറിയിപ്പുകൾക്ക് പിന്നാലെ ജീവൻ മുറുകെ പിടിച്ചാണ് മലയോര മേഖലയിലെ ജനങ്ങൾ കഴിയുന്നത്. ചാലിയാറിലെ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ കരയിലേക്ക് വേഗത്തിൽ വെള്ളം കയറുമെന്ന ഇവരുടെ ആശങ്ക ശരിവയ്ക്കുന്ന വിധത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങൾ.