razak
പരിസ്ഥിതി ദിനത്തിൽ അബ്ദുൽറസാഖ് ഔഷധ ചെടി വിതരണം ചെയ്യുന്നു

വള്ളിക്കുന്ന്: ചെട്ടിപ്പടിയിലെ ആലിക്കകത്ത് അബ്ദുൽറസാഖിന് എന്നും പരിസ്ഥിതി ദിനമാണ്. മരങ്ങൾ നട്ടും പരിപാലിച്ചുമാണ് റസാഖിന്റെ ഓരോ ദിനവും കടന്നുപോവുന്നത്. പരിസ്ഥിതി ദിനത്തിൽ ചെടി നട്ടശേഷം പിന്നീട് തിരിഞ്ഞു നോക്കാത്തവർക്കിടയിലാണ് പാതയോരങ്ങളിലും സ്കൂളുകളിലുമടക്കം പലയിടങ്ങളിലായി താൻ നട്ട മരങ്ങൾ നനച്ച് പരിപോഷിപ്പിച്ച് അബ്ദുറസാഖ് വ്യത്യസ്തനാവുന്നത്. വേനൽക്കാലങ്ങളിൽ പുലർച്ചെ അഞ്ച് മണിക്ക് ചെടികൾക്ക് വെള്ളം നൽകുന്നതും ഇദ്ദേഹത്തിന്റെ രീതിയാണ്. ഇതുകൊണ്ടു തന്നെ റസാഖ് വച്ചുപിടിപ്പിച്ച ചെടികൾ ഓരോന്നും വളർന്ന് പന്തലിച്ച് നിൽക്കുന്നുണ്ട്. സർക്കാറിന്റെ ഈ വർഷത്തെ വനമിത്ര ജില്ലാതല അവാർഡ് റസാഖിന് ലഭിച്ചതും പ്രവർത്തനത്തിനുള്ള അംഗീകാരമാണ്.

പരിസ്ഥിതി ദിനത്തിൽ നിരവധി സംഘടനകളും വ്യക്തികളും ചെടികൾക്കായി റസാഖിനെ സമീപിക്കാറുണ്ട്. ഇത്തവണയും ആയിരത്തിലധികം ഫലവൃക്ഷങ്ങളും വിവിധ ഔഷധചെടികളും ഇവർക്ക് സൗജന്യമായി വിതരണം ചെയ്തു. ചെടികൾ വീട്ടുവളപ്പിൽ നട്ടുവളർത്തുന്നതിനോടൊപ്പം വിവിധ നഴ്സറികളിൽ നിന്ന് പണം കൊടുത്ത് വാങ്ങുന്നുമുണ്ട്. ഈ ആവശ്യത്തിന് ഓരോ വർഷവും നല്ലൊരു തുക റസാഖ് ചെലവഴിക്കുന്നത്. എട്ട് വർഷമായി പ്രകൃതിസംരക്ഷണ രംഗത്ത് സജീവമായുണ്ട്. നല്ലൊരു ജൈവ പച്ചക്കറി കൃഷികാരൻ കൂടിയാണ് അബ്ദുറസാഖ്. ഭാര്യയും നാലു മക്കളുമുണ്ട്. നാട്ടിലെ ജീവകാരുണ്യ പ്രവർത്തന രംഗത്തും ഇദ്ദേഹം സജീവമാണ്.

മക്കളെ പോലെതന്നെ പ്രകൃതിയെയും നാം കാത്തു സംരക്ഷിക്കണം. അത് വരും തലമുറയ്ക്ക് ഉപകരിക്കും.

അബ്ദുൽ റസാഖ്