തിരൂരങ്ങാടി: മുന്ന് പതിറ്റാണ്ടോളമായി മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി ഉപയോഗ ശൂന്യമായ കക്കാട് കൂരിയാട് തോടിന് വീണ്ടും ജിവൻവയ്ക്കുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര പദ്ധതിയിലും തൊഴിലുറപ്പിലും ഉൾപ്പെടുത്തി തോട് നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. മൂന്ന് കിലോ മീറ്റർ നീളമുള്ള തോടിൽ ഇതിനകം പകുതിയോളം ഭാഗം വൃത്തിയാക്കി കയർ ഭൂവസ്ത്രം വിരിച്ചു പാർശ്വങ്ങൾ ബലപ്പെടുത്തിയിട്ടുണ്ട്. കൂറ്റൂർ നീർത്തടത്തിലെ 300 ഏക്കറോളം വരുന്ന പാടശേഖരങ്ങളുടെ ജീവനാഡിയാണ് ഈ തോട്. ചെളിയും മണ്ണും അടിഞ്ഞതിനാൽ വെള്ളം സംഭരിക്കാനും ഒഴുകാനുമുള്ള തോടിന്റെ ശേഷി ഇല്ലാതായിരുന്നു. കൃഷിക്ക് ആവശ്യത്തിന് വെള്ളമില്ലാത്തത് പ്രദേശത്തെ കർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. കർഷകരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് 59 ലക്ഷം രൂപ ചെലവിൽ കുറ്റൂർ തോട് സമഗ്ര വികസന പദ്ധതിക്ക് തുടക്കമിട്ടത്. തടയണ നിർമ്മാണം, തടയണ നവീകരണം, പാടശേഖരത്തിലെ കുളങ്ങളുടെ നവീകരണം ,150 എക്കർ തരിശ് ഭൂമി കൃഷി യോഗ്യമാക്കൽ എന്നിവ പദ്ധതിയുടെ ലക്ഷ്യമാണ്. കുട്ടിയിട്ട മണ്ണ്‌തോട്ടിലേക്ക് ഒലിച്ചുപോകാതിരിക്കാൻ തീറ്റപുല്ല് നട്ടുപിടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.