neduva
നെടുവ വില്ലേജ് ഓഫീസ്

പരപ്പനങ്ങാടി: ലോക്ക് ഡൗണിൽ ഇളവ് വരുത്തുകയും സർക്കാർ ഓഫിസുകൾ പൂർണ്ണ പ്രവർത്തന സജ്ജമാവുകയും ചെയ്തിട്ടും നെടുവയിൽ വില്ലേജ് ഓഫിസറെ നിയമിക്കാത്തത് നാട്ടുകാരെ കടുത്ത ദുരിതത്തിലാക്കുന്നു. നേരത്തെ ഉണ്ടായിരുന്ന വില്ലേജ് ഓഫിസർ മെയ് 31ന് ആണ് വിരമിക്കേണ്ടതെങ്കിലും രണ്ടാഴ്ച്ച മുമ്പ് തന്നെ അവധിയിൽ പ്രവേശിച്ചതോടെ ഈ കാലയളവ് മുതലുള്ള വിവിധ സർട്ടിഫിക്കറ്റുകളുടെ അപേക്ഷ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. വില്ലേജ് ഓഫിസറുടെ അക്കൗണ്ട് വഴിയാണ് ഓൺലൈൻ സർട്ടിഫിക്കറ്റുകൾക്കും അനുമതിയേകുന്നത്.

ബാങ്കുകളിലേക്കും കോടതി ആവശ്യങ്ങൾക്കുമായി അത്യാവശ്യം വേണ്ട നികുതി അടച്ച രശീതിക്കും ആവശ്യക്കാർ ഏറെയാണ്. ഓൺലൈൻ അപ്‌ഡേറ്റ് ചെയ്യാത്ത ആധാരങ്ങൾ വില്ലേജിൽ നിന്നുതന്നെ നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്. പരപ്പനങ്ങാടി വില്ലേജ് ഓഫിസർക്ക് നെടുവ വില്ലേജിന്റെ അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും ഇതുകൊണ്ട് പ്രയോജനമില്ല. തിരൂരങ്ങാടി താലൂക്കിലെ പ്രളയ ബാധിത പ്രദേശം കൂടിയായ നെടുവയിൽ വില്ലേജ് ഓഫിസറെ നിയമിക്കാത്തതിൽ നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധത്തിലാണ്. മറ്റ് ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് രണ്ടുപേർ വേണ്ടിടത്ത് ഒരാൾ മാത്രമേയുള്ളൂ.