മലപ്പുറം: ജില്ലയിൽ 14 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 12 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരും ഒരാൾ ചെന്നൈയിൽ നിന്നും ഒരാൾ ബംഗളുരുവിൽ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവർക്കു പുറമെ മഞ്ചേരിയിൽ ഐസൊലേഷനിലുള്ള ഒരു തിരുവനന്തപുരം സ്വദേശിക്കും ഒരു ആലപ്പുഴ സ്വദേശിക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മെയ് 26 ന് അബുദബിയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ കരിപ്പൂർ വഴി തിരിച്ചെത്തിയവരായ ആതവനാട് മാട്ടുമ്മൽ സ്വദേശി 34 കാരൻ, തിരുനാവായ അനന്താവൂർ സ്വദേശിനി ഗർഭിണിയായ 29 വയസുകാരി, മെയ് 21ന് ഖത്തറിൽ നിന്ന് കണ്ണൂർ വഴി എത്തിയ ചാലിയാർ മൈലാടി എരഞ്ഞിമങ്ങാട് സ്വദേശി 32 കാരൻ, മെയ് 28 ന് സലാലയിൽ നിന്ന് കണ്ണൂർ വഴി നാട്ടിലെത്തിയ വളവന്നൂർ ചാലിബസാർ സ്വദേശി 35 കാരൻ, മെയ് 27ന് ദുബായിൽ നിന്ന് കരിപ്പൂർ വഴി മാതാപിതാക്കൾക്കൊപ്പമെത്തിയ കീഴാറ്റൂർ പട്ടിക്കാട് ചുങ്കം സ്വദേശിനി ആറ് വയസുകാരി, 27ന് തന്നെ ദുബായിൽ നിന്ന് കരിപ്പൂർ വഴി എത്തിയ പെരുമണ്ണ ക്ലാരി അടർശേരി സ്വദേശി ഗർഭിണിയായ 26 വയസുകാരി, മെയ് 29ന് ദുബായിൽ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി ഗർഭിണിയായ 29 വയസുകാരി, ജൂൺ മൂന്നിന് അബുദബിയിൽ നിന്ന് കരിപ്പൂർ വഴി എത്തിയ മൂർക്കനാട് വടക്കുംപുറം സ്വദേശി 38 കാരൻ, ജൂൺ രണ്ടിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴി എത്തിയ മങ്കട കൂട്ടിൽ സ്വദേശി 41 കാരൻ, ജൂൺ മൂന്നിന് ദുബായിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തിരുനാവായ അനന്താവൂർ ചേരൂലാൽ സ്വദേശി 47 കാരൻ, ജൂൺ നാലിന് അബുദബിയിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ തിരൂർ കോട്ടുക്കല്ലിങ്ങൽ സ്വദേശി 33 കാരൻ, ജൂൺ മൂന്നിന് അബുദബിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പൊന്മുണ്ടം വൈലത്തൂർ സ്വദേശി 24 കാരൻ, ബംഗളുരുവിൽ നിന്ന് സ്വകാര്യ വാഹനത്തിൽ മെയ് 19ന് തിരിച്ചെത്തിയ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി 22 കാരൻ, ചെന്നൈയിൽ നിന്ന് സ്വകാര്യ ബസിൽ ജൂൺ രണ്ടിന് എത്തിയ പെരുവെള്ളൂർ പറമ്പിൽപീടിക സ്വദേശി 22 കാരൻ എന്നിവർക്കാണ് ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
ഇവരെക്കൂടാതെ ജൂൺ മൂന്നിന് അബുദബിയിൽ നിന്ന് കരിപ്പൂരിലെത്തിയവരായ തിരുവനന്തപുരം പുലിയൂർകോണം സ്വദേശി 56 കാരൻ, ആലപ്പുഴ കുമാരപുരം സ്വദേശി 50 വയസുകാരൻ എന്നിവർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയിൽ ചികിത്സയിലുള്ളത് 163 പേർ
കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയിൽ 163 പേരാണ് നിലവിൽ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും തൃശൂർ, ഇടുക്കി, പത്തനംതിട്ട സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയർ ഇന്ത്യ ജീവനക്കാരിയും ഉൾപ്പെടുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ ഇതുവരെ 224 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,433 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 692 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.