മഞ്ചേരി: ഉൾവനത്തിലെ ആദിവാസി കോളനിയിൽ അതി സാഹസികമായെത്തിയ ആരോഗ്യ സംഘം കോളനിവാസികളുടെ ആരോഗ്യനില പരിശോധിച്ച് ഉറപ്പുവരുത്തി. കൊവിഡിനു പുറമെ മറ്റ് മഴക്കാല രോഗങ്ങളും ഭീഷണിയാവുമ്പോൾ ചാലിയാർ പഞ്ചായത്തിലെ അമ്പുമല കോളനിയിലാണ് ഡോ. അശ്വതിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
മഴപെയ്ത് സഞ്ചാരം ദുഷ്‌ക്കരമായ കാട്ടുവഴികളിലൂടെ രണ്ട് കിലോമീറ്റർ നടന്നാണ് ഡോ. അശ്വതി സോമന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പിന്റെ മൊബൈൽ ഡിസ്പൻസറി മെഡിക്കൽ ടീം ചാലിയാർ പഞ്ചായത്തിലെ അമ്പുമല ആദിവാസി കോളനിയിലെത്തിയത്. മുളകൊണ്ടുള്ള പാലവും വഴുക്കലുള്ള കാട്ടുവഴികളും കടന്നെത്തിയ ആരോഗ്യ സംഘത്തിന് നിലമ്പൂർ ഫയർഫോഴ്സ് യൂണിറ്റിലേയും ഫയർ ആന്റ് റെസ്‌ക്യൂ സിവിൽ ഡിഫൻസിലേയും സേനാംഗങ്ങൾ സുരക്ഷയൊരുക്കി. ഊരിലെ ഓരോ അളകളും സന്ദർശിച്ച് മുഴുവൻ പേരുടേയും ആരോഗ്യ നില പരിശോധിച്ച സംഘം ആവശ്യമായ മരുന്നുകളും നൽകി. കൊവിഡ് ഉൾപ്പടെയുള്ള പകർച്ച വ്യാധികളെ കുറിച്ചുള്ള ബോധവത്ക്കരണവും നടത്തിയാണ് സംഘം മടങ്ങിയത്. മൊബൈൽ ഡിസ്പൻസറിയിലെ ഫാർമസിസ്ററ് സുരേഷ് പീച്ചമണ്ണിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് , നഴ്സ് സുനു , ശ്രീജിത് , മോഹമദലി, വിനോദ്, സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ കെ. യൂസഫലി, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ എൽ. ഗോപാലകൃഷ്ണൻ, കെ. പി. അമീറുദ്ധീൻ, ഐ. അബ്ദുള്ള, ഷറഫുദ്ധീൻ,സിവിൽ ഡിഫെൻസ് അംഗങ്ങളായ അബ്ദുൽ മജീദ്, ശംസുദ്ധീൻ കൊളക്കാടൻ ,ഡെനി എബ്രഹാം, പ്രകാശൻ, സെഫീർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്