മഞ്ചേരി: കൊവിഡ് പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച റിമാൻഡ് പ്രതികൾ ആശുപത്രി വളപ്പിൽ നിറുത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മറ്റൊരു ബൈക്ക് മോഷണ കേസിൽ അറസ്റ്റിലായ കോഴിക്കോട് കല്ലായി സ്വദേശി കൈന്നൽപറമ്പിൽ വീട്ടിൽ നൗഷാദ് (19), പോക്‌സോ കേസിൽ പ്രതിയായ എടവണ്ണ പൊന്നാട് സ്വദേശി കുറ്റിക്കാട്ടിൽ മെഹബൂബ് (22) എന്നിവരാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. അന്വേഷണത്തിൽ അഞ്ച് കിലോമീറ്റർ അകലെ കിഴിശ്ശേരി റോഡിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നൗഷാദിനെതിരെ കൊണ്ടോട്ടി, കോഴിക്കോട് മെഡിക്കൽ കോളേജ്, വടകര പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും മെഹബൂബിനെതിരെ വാഴക്കാട് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. ചില റിമാൻഡ് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജയിലിലേക്ക് കൊണ്ടുപോവുന്നതിനുമുമ്പ് സ്രവ പരിശോധന നടത്തുന്നത്. ഇതിനായി സാമ്പിൾ നൽകി ഫലം കാത്തിരിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്. പൊലീസ് തെരച്ചിൽ തുടരുന്നുണ്ട്.