മലപ്പുറം: നിലമ്പൂർ കരുവാരകുണ്ട് കൽകുണ്ടിൽ കൊമ്പനാനയുമായി കുത്തുകൂടി പരിക്കേറ്റ് ചികിത്സയിലായിരുന്ന മോഴയാന ഞായറാഴ്ച രാത്രി 11 മണിയോടെ ചരിഞ്ഞു. ഒരാഴ്ച്ചയായി കാടിനോട് ചേർന്ന റബ്ബർ തോട്ടത്തിൽ അവശനിലയിൽ കണ്ട ആനയെ കാട്ടിലേക്ക് തിരികെ അയയ്ക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ജൂൺ നാലിന് ആനയ്ക്ക് വനംവകുപ്പിന്റെ നേതൃത്വത്തിൽ ചികിത്സ തുടങ്ങിയിരുന്നു.
ഉദരത്തിൽ ആഴത്തിലേറ്റ പരിക്കും തുടർന്നുണ്ടായ അണുബാധയുമാണ് മരണ കാരണമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ആനയുടെ നാവിനും ജനനേന്ദ്രിയത്തിനും പരിക്കേറ്റിരുന്നു. മൂന്ന് ദിവസമായി ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ചികിത്സിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് വെള്ളം കുടിക്കാൻ തുടങ്ങിയിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം ആന ചരിഞ്ഞ സ്ഥലത്ത് തന്നെ ദഹിപ്പിക്കുമെന്ന് കാളികാവ് ഫോറസ്റ്റ് ഓഫീസർ പി. സുരേഷ് പറഞ്ഞു.