മലപ്പുറം: കൊവിഡിന് പിന്നാലെ ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ മെഡിക്കൽ ബോർഡുകൾ ചേരാത്തത് 20,000ത്തിലധികം വരുന്ന ഭിന്നശേഷിക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. ഓർത്തോ, സൈക്യാട്രി, ഇ.എൻ.ടി, ജനറൽ ഫിസിഷ്യൻസ് തുടങ്ങി ഏഴംഗ ഡോക്ടർമാരുടെ പാനൽ ഓരോ മാസവും ചേർന്നാണ് ഡിസബിലിറ്റി സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്. സ്കൂൾ പ്രവേശന സമയമായതിനാൽ ഭിന്നശേഷി കുട്ടികൾക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിനായി താലൂക്ക് ആശുപത്രികളിൽ എത്തുമ്പോൾ കൃത്യമായ മറുപടി പോലും ലഭിക്കുന്നില്ല. ഭിന്നശേഷി കുട്ടികൾക്ക് പഞ്ചായത്തുകളിൽ നിന്ന് ഒരുവർഷം 28,000 രൂപ സ്കോളർഷിപ്പായി ലഭിക്കും. എസ്.എസ്.എൽ.സി കുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പുമുണ്ട്. ഭിന്നശേഷിക്കാർക്കുള്ള പെൻഷനടക്കം വിവിധ കാര്യങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഫെബ്രുവരിയിലാണ് അവസാനമായി മെഡിക്കൽ ബോർഡ് ചേർന്നത്. ഡിസബിലിറ്റി സർട്ടിഫിക്കറ്റിനായി നെട്ടോട്ടമോടുകയാണ് ഭിന്നശേഷിക്കാർ.
പുതുക്കാനും നിരവധിപേർ
ചില ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുമ്പോൾ പുതിയ മെഡിക്കൽ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട്. കുട്ടികൾക്ക് 18 വയസ് പൂർത്തിയായാൽ പുതിയ സർട്ടിഫിക്കറ്റ് എടുക്കണം. രോഗ തീവ്രത കൂടിവരുന്ന അവസ്ഥയിലുള്ളവർക്ക് അഞ്ചുവർഷം കൂടുമ്പോഴും സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. ഒരു താലൂക്ക് ആശുപത്രിയിലും മാസം ശരാശരി 100 പേർ ഡിസബിലിറ്റി സർട്ടിഫിക്കറ്റുകൾക്കായി എത്താറുണ്ട്. ചികിത്സാ രേഖകൾ, റേഷൻ കാർഡ്, ആധാർ എന്നിവയാണ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ വേണ്ടത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തന്നെ ജില്ലയിലെ ഐസൊലേഷൻ വാർഡുകളില്ലാത്ത സർക്കാർ ആശുപത്രികളിലോ ഇതല്ലെങ്കിൽ ഓൺലൈൻ വഴിയോ മെഡിക്കൽ ക്യാമ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകാൻ വഴിയൊരുക്കണം. ഈ ആവശ്യം ജില്ലാ മെഡിക്കൽ ഓഫീസറെയും അറിയിച്ചിട്ടുണ്ട്.
ബദറുസ്സമാൻ, ജില്ലാ ജനറൽ സെക്രട്ടറി , ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ