മലപ്പുറം: ബസ് ചാർജ്ജ് വർദ്ധനവ് പിൻവലിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ സർവീസ് നാമമാത്രമാക്കിയതോടെ ജില്ലയിൽ യാത്രാ പ്രതിസന്ധി രൂക്ഷം. ഇന്നലെ ആറ് ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ജില്ലയിൽ 1,600 ഓളം ബസുകളുള്ള സ്ഥാനത്താണിത്. മഞ്ചേരി - തിരൂർ റൂട്ടിൽ മൂന്ന് ബസുകളും നിലമ്പൂർ - പെരിന്തൽമണ്ണ റൂട്ടിൽ ഒന്നും എടപ്പാളിൽ രണ്ട് ബസുകളുമാണ് ഓടിയത്. ജൂൺ രണ്ടിനാണ് ബസ് ചാർജ്ജ് വർദ്ധിപ്പിച്ച നടപടി സർക്കാർ മരവിപ്പിച്ചത്. യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ ബസ് സർവീസുകളുടെ എണ്ണം കുറച്ചതെങ്കിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ദിവസങ്ങളായി സർവീസുകളുടെ എണ്ണം കുത്തനെ വെട്ടിച്ചുരുക്കിയിരുന്നു. അധികനിരക്ക് പിൻവലിച്ച സർക്കാർ നടപടി ബസ് ഉടമകളുടെ ഹർജിയെ തുടർന്ന് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിട്ടുണ്ട്. നിരക്ക് വർദ്ധനവ് സംബന്ധിച്ച സമിതി റിപ്പോർട്ടിൽ രണ്ടാഴ്ച്ചക്കകം നടപടിയെടുക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.
ചർച്ചയിലൂടെ പരിഹരിക്കും
അഞ്ച് കിലോമീറ്റർ വരെ മിനിമം ചാർജ്ജ് എട്ട് രൂപയായിരുന്നത് 12 രൂപയായും തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്ത് പൈസ വീതവും വർദ്ധിപ്പിച്ചിരുന്നു. നേരത്തെയിത് 70 പൈസയായിരുന്നു. ലോക്‌ഡൗൺ ഇളവുകൾക്ക് പിന്നാലെ വർദ്ധിപ്പിച്ച നിരക്ക് സർക്കാർ മരവിപ്പിച്ചു. ഹൈക്കോടതി വിധി അനുകൂലമാണെങ്കിൽ ഉടൻ നിരക്ക് വർദ്ധന നടപ്പാക്കേണ്ടെന്നാണ് ബസ് ഉടമകളുടെ തീരുമാനം. സർക്കാരുമായി ഏറ്റമുട്ടലിന് നിൽക്കാതെ ചർച്ചയിലൂടെ അനൂകൂല തീരുമാനം ഉണ്ടാക്കാമെന്ന കണക്കൂകൂട്ടലിലാണ് ഇവർ.
ബസ് ചാർജ്ജ് വർദ്ധനവ് നടപ്പാക്കാൻ സർക്കാർ തയ്യാറാവുന്ന പക്ഷം കൂടുതൽ ബസുകൾ സർവീസുകൾ നടത്തും. ഒറ്റയടിക്ക് ബസ് ചാർജ്ജ് വർദ്ധന നടപ്പാക്കില്ല.
ഹംസ എരിക്കുന്നൻ, സംസ്ഥാന ട്രഷറർ, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ