മലപ്പുറം: കൊറോണ വ്യാപനം തടയുന്നതിനായി കേരള സോഷ്യൽ സെക്യുരിറ്റി മിഷനും കേരള കാർട്ടൂൺ അക്കാദമിയുമായി ചേർന്ന് മലപ്പുറം കളക്ടറുടെ ബംഗ്ലാവ് ചുറ്റുമതിലിൽ വരച്ച കാർട്ടൂൺ ചിത്രം വിവാദമായതിനെ തുടർന്ന് വിവാദ ഭാഗം നീക്കി. കൊറോണ വ്യാപനം തടയുന്ന സന്ദേശം നൽകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന കാർട്ടൂൺ പരസ്യമാണ് മലപ്പുറത്ത് വിവാദമായത്. മലപ്പുറം കത്തികാട്ടി പാരമ്പര്യവേഷധാരിയായ മലപ്പുറം നിവാസി കത്തി പോരാ, മാസ്ക്ക് തന്നെ വേണം എന്ന ആശയത്തിലാണ് കാർട്ടൂൺ വരച്ചത്. യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും കാർട്ടൂണിന്റെ വിവാദഭാഗം ഭീമൻ മാസ്ക്ക് കൊണ്ട് മറച്ച് പ്രതിഷേധ സമരം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് വിവാദ ഭാഗം അധികൃതർ പെയിന്റടിച്ച് മായ്ക്കുകയായിരുന്നു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എൻ ഷാനവാസ്, ജനറൽ സെക്രട്ടറി അഷ്റഫ് പാറച്ചോടൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇടപെടലുകൾ നടത്തിയത്.