മലപ്പുറം: ജില്ലയിൽ ആറ് പേർക്ക് കൂടി ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാൾ മുംബൈയിൽ നിന്നും മൂന്നുപേർ വിവിധ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
ആതവനാട് വെട്ടിച്ചിറ കരിപ്പോൾ സ്വദേശി 31കാരൻ, ഇയാളുടെ രണ്ടുവയസുള്ള മകൾ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ നിന്ന് മടങ്ങിയ ശേഷം മേയ് ഒന്നിന് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള ഇവരുടെ ബന്ധുവുമായാണ് ഇരുവർക്കും സമ്പർക്കമുണ്ടായത്. ഇവരെ കൂടാതെ മേയ് 23ന് മുംബൈയിൽ നിന്ന് സ്വകാര്യ ബസിൽ നാട്ടിൽ തിരിച്ചെത്തിയ തെന്നല കുന്നൽപ്പാറ സ്വദേശി 44കാരൻ, ദുബായിൽ നിന്ന് മേയ് 30ന് കരിപ്പൂർ വഴി നാട്ടിലെത്തിയ പോത്തുകല്ല് മുണ്ടേരി സ്വദേശി 28 കാരൻ, ജൂൺ നാലിന് അബുദാബിയിൽ നിന്ന് കരിപ്പൂരെത്തിയ തലക്കാട് വേങ്ങാനൂർ പുല്ലൂർ സ്വദേശി 37കാരൻ, ജൂൺ രണ്ടിന് കുവൈത്തിൽ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പാൾ കോലൊളമ്പ് സ്വദേശിനി ഗർഭിണിയായ 25 വയസുകാരി എന്നിവർക്കുമാണ് ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കൊവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
905 പേർ കൂടി നിരീക്ഷണത്തിൽ
905 പേർക്കുകൂടിജില്ലയിൽ ഇന്നലെ കൊവിഡ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 12,743 പേരാണ് ഇപ്പോൾ ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത്. 170 പേരാണ് നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലുള്ളത് 4,538 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 741 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഡോ. കെ. സക്കീന, ഡി.എം.ഒ