തിരൂരങ്ങാടി : തോട് പുനരുജ്ജീവനത്തിന്റെ ഭാഗമായി കൂരിയാട് വയലിലെ തോട്ടിൽ കയർ ഭൂവസ്ത്രം വിരിച്ച കാഴ്ച കാണാൻ നിരവധി പേരെത്തുന്നു. പാർശ്വഭിത്തി സംരക്ഷണത്തിന്റെ ഭാഗമായാണ് തോടിന്റെ ഒന്നര കിലോമീറ്ററോളം ഭാഗത്ത് ഇരുവശങ്ങളിലുമായി കയർ ഭൂവസ്ത്രം ധരിപ്പിച്ചിട്ടുള്ളത്. പുതുമോടിയിൽ അണിഞ്ഞൊരുങ്ങിയ തോട് കാണാനും സെൽഫിയെടുക്കാനും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് കുടുംബസമേതം എത്തുന്നത്.
ആലപ്പുഴയിൽ നിന്നാണ് വിരിക്കാനുള്ള കയറെത്തിച്ചത്. കയർ ഭൂവസ്ത്രത്തിന്റെ മുകളിൽ രണ്ടുദിവസത്തിനകം രാമച്ചത്തിന്റെ വേര് പിടിപ്പിക്കുമെന്ന് വേങ്ങര കൃഷി ഓഫീസർ എം. നജീബ് അറിയിച്ചു.