valiya-para
വലിയ പാറ

നിലമ്പൂർ: കഴിഞ്ഞ രണ്ടുവർഷവും പ്രളയം ബാധിച്ച ചാലിയാർ പഞ്ചായത്തിലെ നാലാം വാർഡായ മുട്ടിയേലിൽ ജനങ്ങൾക്കും വീടുകൾക്കും ഭീഷണിയായി വലിയ പാറ. മാച്ചമ്പള്ളി വേലായുധന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന പാറക്കല്ല് പരിസരത്തെ പതിനൊന്നോളം കുടുംബങ്ങൾക്കാണ് ഭീഷണിയാകുന്നത്. നാല് കഷണങ്ങളായി സ്ഥിതിചെയ്യുന്ന പാറയ്ക്ക് ഇളക്കം സംഭവിച്ചാൽ സമീപത്തെ വീടുകൾക്കെല്ലാം ഭീഷണിയാവും. കഴിഞ്ഞദിവസം പ്രദേശത്തുണ്ടായ പേമാരിയിൽ പാറയ്ക്ക് ഇളക്കം സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും വലിയ വിള്ളലുകളും ഉറവകളും പാറയിൽ ഉണ്ടായതായും സമീപവാസികൾ പറഞ്ഞു. നിലമ്പൂർ ഫയർ ആന്റ് റസ്‌ക്യു സംഘം സ്ഥലം സന്ദർശിച്ചു. അപകടമൊഴിവാക്കാനുള്ള നടപടികൾ സംബന്ധിച്ച് ജില്ലാ ഫയർ ഓഫീസർ മുഖേന കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. നിലമ്പൂർ ഫയർ സ്റ്റേഷനിലെ ബീറ്റ് ഓഫീസർമാരായ ടി. കെ നിഷാന്ത്, കെ. അഫ്സൽ, പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.