നിലമ്പൂർ: കാട്ടിൽ ഷെഡ്ഡൊരുക്കി ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ കാത്തിരുന്ന മുണ്ടേരി ഇരുട്ടുകുത്തി കോളനിയിലെ ആദിവാസികുട്ടികൾക്ക് ടെലിവിഷനൊപ്പം പ്രഭാത ഭക്ഷണവുമൊരുക്കി സംസ്ക്കാരസാഹിതി. ചെയർമാൻ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ ടെലിവിഷനും ഡി.ടി.എച്ചും നൽകിയത്. കഴിഞ്ഞ പ്രളയത്തിൽ മുണ്ടേരി വനത്തിലെ കോളനിയിലേക്കുള്ള ചാലിയാറിലെ ഇരുട്ടുകുത്തിപ്പാലം ഒലിച്ചു പോയതിനാൽ ചങ്ങാടത്തിലാണ് ടി.വിയുമായെത്തിയത്. കോളനിയിലെ കുട്ടികളുടെ പ്രഭാത ഭക്ഷണവും സംസ്ക്കാര സാഹിതി ഏറ്റെടുത്തതായി ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. കോളനിക്കാർക്കെല്ലാം മൂന്നു ജോഡി മാസ്ക്കുകളും വിതരണം ചെയ്തു. പഞ്ചായത്തംഗം കെ. സറഫുന്നീസ, ജൂഡി തോമസ്, കെ. രമണിക്കുട്ടി, ലക്ഷ്മി ഏട്ടപ്പാറ, മനോജ് ചെന്നാംപ്പിള്ളി, ജോയ് കൂനംമാവുങ്കൽ, അബ്ദു കുന്നുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.