തിരൂരങ്ങാടി: യുവാവിന്റെ ധീരമായ ഇടപെടൽ മൂലം രക്ഷപ്പെട്ടത് രണ്ട് മനുഷ്യജീവനുകൾ. ഷോക്കേറ്റ അമ്മയെയും മകനെയും അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ചാണ് ചേളാരി പൂതേരി വളപ്പിലെ കണ്ണഞ്ചേരി സുബ്രഹ്മണ്യൻ മാതൃകയായത്. കഴിഞ്ഞ ദിവസം വൈകിട്ട് വീടിന്റെ ടെറസിൽ നിന്ന് വീട്ടുമുറ്റത്തെ പ്ലാവിലെ ചക്കയിടുമ്പോൾ കൈയിലുണ്ടായിരുന്ന ഇരുമ്പുതോട്ടി തൊട്ടടുത്തുണ്ടായിരുന്ന ഇലക്ട്രിക്ക് ലൈനിലേക്ക് ചരിഞ്ഞ് കുറുമണ്ണിൽ സുധീഷിന് ഷോക്കേറ്റിരുന്നു. സമീപത്തുണ്ടായിരുന്ന മാതാവ് കാളി സുധീഷിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇവർക്കും ഷോക്കേറ്റു. ഇത് ശ്രദ്ധയിൽപ്പെട്ട് ഓടിയെത്തിയ അയൽവാസികൾ ബഹളം വെച്ചു. സുഹൃത്തിന്റെ വീട്ടിലിരിക്കുകയായിരുന്ന സുബ്രഹ്മണ്യൻ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് ഷോക്കേറ്റു നിൽക്കുന്ന ഇരുവരെയും കാണുന്നത്. സമയം പാഴാക്കാതെ ഓടിയ സുബ്രഹ്മണ്യൻ അടുത്തുള്ള ട്രാൻസ്‌ഫോഫോമറിന്റെ അടുത്തെത്തി ലിവർ താഴ്ത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. അതിനു ശേഷം ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. സുബ്രഹ്മണ്യനെ നാട്ടുകാർ അഭിനന്ദിച്ചു. ഡി വൈ എഫ് ഐ വെളിമുക്ക് മേഖലാ കമ്മറ്റിയുടെ ഉപഹാരം ബ്ലോക്ക് സെക്രട്ടറി പി വി അബ്​ദുൾ വാഹിദ് വീട്ടിലെത്തി നൽകി.മേഖല സെക്രട്ടറി ടി പി നന്ദു, മേഖല സെക്രട്ടേറിയറ്റ് മെമ്പർ കെ വി അബ്ദുൾ ഗഫൂർ, സി.പി.എം ചേളാരി ബ്രാഞ്ച് സെക്രട്ടറി പി പ്രനീഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.