മലപ്പുറം: ജില്ലയിൽ ഏഴ് പേർക്ക് കൂടി ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ മുംബൈയിൽ നിന്നും അഞ്ചുപേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ഇവർ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരെക്കൂടാതെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലുള്ള തൃശൂർ സ്വദേശിക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മുംബൈയിൽ നിന്ന് സ്വകാര്യ ബസിൽ മേയ് 21ന് നാട്ടിലെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങൽ സ്വദേശി(49), 23 ന് മുംബൈയിൽ നിന്ന് പ്രത്യേക തീവണ്ടിയിൽ തൃശൂർ വഴി ജില്ലയിൽ തിരിച്ചെത്തിയ തൃപ്രങ്ങോട് ചമ്രവട്ടം സ്വദേശി( 58), കുവൈത്തിൽ നിന്ന് കൊച്ചി വഴി 28 ന് ജില്ലയിലെത്തിയ ആനക്കയം വള്ളിക്കാപ്പറ്റ സ്വദേശിനി( 44 ), ദുബായിൽ നിന്ന് മേയ് 27 ന് കരിപ്പൂർ വഴി തിരിച്ചെത്തിയ ആലങ്കോട് ഒതല്ലൂർ കീഴിക്കര സ്വദേശി (63), 22 ന് അബുദാബിയിൽ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയ മങ്കട കടന്നമണ്ണ സ്വദേശി (32), ജൂൺ അഞ്ചിന് ഖത്തറിൽ നിന്ന് കണ്ണൂർ വഴി ജില്ലയിൽ തിരിച്ചെത്തിയ പരപ്പനങ്ങാടി ഉള്ളണം കരിങ്കല്ലത്താണി സ്വദേശി (33), ജൂൺ മൂന്നിന് റാസൽഖൈമയിൽ നിന്ന് കരിപ്പൂർ വഴി നാട്ടിലെത്തിയ എടക്കര മില്ലുംപടി സ്വദേശി (34) എന്നിവർക്കാണ് ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ജൂൺ നാലിന് അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലുള്ള തൃശൂർ ചിറക്കൽ സ്വദേശിക്കും ( 38) രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം.
ഒരാൾ കൂടി കൊവിഡ് വിമുക്തൻ
മലപ്പുറം: കൊവിഡ് -19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി രോഗമുക്തനായി. തിരുവനന്തപുരം കഠിനംകുളം സ്വദേശിയായ 40 കാരനാണ് രോഗം ഭേദമായത്. ഇയാളെ ഐസൊലേഷൻ കേന്ദ്രത്തിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
713 പേർക്കുകൂടി ജില്ലയിൽ കൊവിഡ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി
12,567 പേരാണ് ഇപ്പോൾ ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത്
177 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളത്
അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും മൂന്ന് തൃശൂർ സ്വദേശികളും തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളായ ഓരോ രോഗികളും അടക്കം 177 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. പൂനെ സ്വദേശിനിയായ എയർ ഇന്ത്യ ജീവനക്കാരിയും ഉൾപ്പെടും
ഡോ. കെ. സക്കീന
, ജില്ലാ മെഡിക്കൽ ഓഫീസർ