മലപ്പുറം: ഒരു ഷർട്ട് തയ്ച്ചാൽ രണ്ടു മാസ്ക് ഫ്രീ. പാലക്കാട് ജില്ലാ അതിർത്തിയായ കുമ്പിടി മണ്ണിയം പെരിയമ്പലത്തെ ശ്രീധരനാണ് കൊവിഡ് കാലത്ത് മാസ്ക് തയ്ച്ച് നൽകി മാതൃകയാവുന്നത്.
പെരിയമ്പലത്തെ ദൃശ്യ ടെയ്‌ലേഴ്സിന്റെ ഉടമയാണ് ശ്രീധരൻ . ഷർട്ടിന്റെ കട്ടിംഗിൽ ബാക്കി വരുന്ന തുണികൊണ്ടാണ് മാസ്ക് തയ്ക്കുക. ഒരേ നിറത്തിലുള്ള മാസ്കും ഷർട്ടും നൽകുന്ന ഫാഷൻ മികവ് കടയിലെത്തുന്നവരെ ആകർഷിക്കുന്നുണ്ട്. ഇതിനകം ആയിരത്തിലേറെ മാസ്കുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട് കടയിലെത്തുന്നവരുടെ സുരക്ഷ മുൻനിറുത്തിയാണ് ശ്രീധരൻ മാസ്ക് തയ്ക്കുന്നത്. കൊവിഡ് പടരുന്ന ഈ സമയത്ത് സമൂഹത്തിനായി തനിക്ക് ചെയ്യാൻ കഴിയാവുന്ന കാര്യം ആവും വിധം ചെയ്യുന്നു-ശ്രീധരൻ പറഞ്ഞു.
55 വയസുകാരനായ ശ്രീധരൻ 24 വയസു മുതൽ സ്വന്തം വീട്ടിലും കടയിലുമായി ടെയ്‌ലർ പണി ചെയ്തു വരുന്നു. ഏകമകൾ ദൃശ്യ ഡിഗ്രിക്ക് പഠിക്കുന്നു.