vvv
.

പൊന്നാനി: പ്രളയത്തെ തടയാൻ പുഴയോരപാതയായ കർമ്മ റോഡിലെ പൈപ്പുകൾ താത്കാലികമായി അടക്കും. പൊന്നാനി ഈഴുവത്തിരുത്തി മേഖലയിൽ തുടർച്ചയായ രണ്ടു വർഷങ്ങളിലും പ്രളയത്തിന് കാരണമായത് കർമ്മ റോഡിന്റെ പാർശ്വഭിത്തിയിലുള്ള പൈപ്പുകളിലൂടെ പുഴയിലെ വെള്ളം കരയിലേക്ക് കയറിയതാണെന്നാണ് വിലയിരുത്തൽ. മഴക്കാലങ്ങളിൽ ഈഴുവത്തിരുത്തി മേഖലയിലെ വെള്ളം പുഴയിലേക്കൊഴുകി പോകുന്നതിന് സ്ഥാപിച്ച പൈപ്പുകളാണിത്. പുഴ നിറഞ്ഞ് കവിയുമ്പോൾ ഈ പൈപ്പുകളിലൂടെ വെള്ളം തിരിച്ചൊഴുകിയാണ് ഈഴുവത്തിരുത്തി മേഖല വെള്ളത്തിനടിയിലാകുന്നത്.

പൈപ്പുകൾ അടക്കാൻ ശാസ്ത്രീയ സംവിധാനം വേണമെന്ന ആവശ്യത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥ സംഘം ഭാരതപ്പുഴയും കർമ്മ റോഡും സന്ദർശിച്ചിരുന്നു. ഇതുപ്രകാരം ഭാരതപ്പുഴ കരകവിയുമ്പോൾ പൈപ്പുകൾ അടയ്ക്കുന്നതിനും അല്ലാത്ത സമയങ്ങളിൽ തുറന്നിടുന്നതിനുമായി ഷട്ടർ സംവിധാനമൊരുക്കാൻ പൊതുമരുത്ത് വകുപ്പിന് ചുമതല നൽകിയിരുന്നു. സ്ഥിരം സംവിധാനത്തിനുള്ള നടപടി പൂർത്തിയാകാത്ത സാഹചര്യത്തിൽ താൽക്കാലികമായി പൈപ്പുകൾ അടയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതുപ്രകാരം പുഴയിൽ വെള്ളം ഉയരുന്ന മുറയ്ക്ക് പൈപ്പിന് സമാന്തരമായി മണൽ ചാക്കുകൾ സ്ഥാപിച്ച് പുഴയിലെ വെള്ളം പൈപ്പുകളിലേക്ക് കയറുന്നത് തടയും. പുഴയിൽ വെള്ളം താഴ്ന്നാൽ പുഴയിലേക്ക് കരയിലെ വെള്ളം ഒഴുകുന്നതിന് സൗകര്യമൊരുക്കും. ഉദ്യോഗസ്ഥരുടേയും പ്രദേശിക ജനപ്രതിനിധികളുടേയും യോഗത്തിലാണ് തീരുമാനം. സ്ഥിരം സംവിധാനത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമുയർന്നു.

പൊന്നാനി മേഖലയിലെ പ്രളയത്തിന് കാരണമാകുന്ന ഭാരതപ്പുഴയിലെ തടസങ്ങൾ നീക്കാൻ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിളിച്ചു ചേർത്ത മന്ത്രിതല യോഗത്തിൽ തീരുമാനമായിരുന്നു. മേയ് അവസാനത്തോടെയാണ് നടപടികൾക്ക് തുടക്കമായത്. കാലവർഷം ജൂൺ ആദ്യം തന്നെ ആരംഭിച്ചതോടെ പരിഹാര പ്രവൃത്തികൾ നടപ്പാക്കാൻ തടസ്സം നേരിടുകയായിരുന്നു.