fffff
.

മലപ്പുറം: കൊവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഭക്ഷണ ശാലകളുടെ പ്രവർത്തനത്തിന് കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഹോട്ടൽ, റസ്റ്റോറന്റുകൾ, ബേക്കറികൾ, തട്ടുകടകൾ തുടങ്ങിയ ഭക്ഷണശാലകളിൽ നിന്ന് ജുലൈ 15 വരെ ഭക്ഷണം പാർസലായി മാത്രമേ നൽകാവൂ. ഇത്തരം സ്ഥാപനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഇതനുവദിക്കില്ല. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. തട്ടുകടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇക്കാര്യം പൊലീസ്, ആരോഗ്യം, ഭക്ഷ്യ സുരക്ഷാ വകുപ്പുകൾ നിരീക്ഷിച്ച് കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

ഭക്ഷണ ശാലകൾക്കുള്ള നിയന്ത്രണങ്ങൾ

• ഹോട്ടൽ, റസ്റ്റോറന്റുകൾ, തട്ടുകടകൾ, ബേക്കറികൾ, കൂൾബാറുകൾ ജൂലൈ 15 വരെ പാഴ്സൽ സർവീസ് മാത്രം. പാഴ്സൽ രാത്രി ഒമ്പതു വരെയും ഹോം ഡെലിവറി രാത്രി 10 വരെയും നടത്താം.
• നിയമാനുസൃത ലൈസൻസുകളോ രേഖകളോ ഇല്ലാത്ത തട്ടുകടകൾ തുറക്കാനോ ഭക്ഷണം പാഴ്സലായി നൽകാനോ പാടില്ല.
• നിയമാനുസൃത തട്ടുകടകളിൽ പാഴ്സൽ സർവ്വീസ് നടത്താം. ഇതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി സാക്ഷ്യപത്രം അനുവദിക്കണം.
• നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കും.