പെരിന്തൽമണ്ണ: ഗുഡ്സ് ഓട്ടോയിൽ നിറച്ച പുല്ലിനുള്ളിൽ കഞ്ചാവൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി പൂളോണ വീട്ടിൽ മുഹമ്മദ് സാദിഖ് (40), കൈതച്ചിറ തത്തേങ്കലം സ്വദേശി സ്രാമ്പിക്കൽ അബ്ദുൾ ഖാദർ(37) എന്നിവരെയാണ് ഗുഡ്സ് ഓട്ടോ സഹിതം പിടികൂടിയത്.
പ്രതികളെ പെരിന്തൽമണ്ണ എ.എസ്.പി. ഹൈമലതയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിൽ ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്നും ചരക്കുലോറികൾ വഴി കേരളത്തിലെത്തിക്കുന്ന കഞ്ചാവ് പ്രത്യേക ഏജന്റുമാർ മുഖേന രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ചു ചെറുകിട വിൽപ്പനക്കാർക്ക് കൈമാറുകയാണെന്ന് തെളിഞ്ഞു. കിലോഗ്രാമിന് അമ്പതിനായിരം രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. ലോക്ക് ഡൗണിന്റെ മറവിൽ ചരക്ക്, പച്ചക്കറി ലോറികളിലും മത്സ്യം കൊണ്ടുവരുന്ന മിനി കണ്ടെയ്നറുകളിലും രഹസ്യ അറകളുണ്ടാക്കിയാണ് കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നത്.
ഇത്തരത്തിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന ഇടനിലക്കാരെ കുറിച്ചും വാഹനങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.