മലപ്പുറം: ജുമുഅ: നിസ്​കാരം ജുമുഅത്ത് പള്ളികളിലും നിസ്​കാരപള്ളികളിലുമായി പരിമിതപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. മദ്​റസകളും മറ്റു സ്ഥലങ്ങളും ആരാധനാലയങ്ങളുടെ പരിധിയിൽ പെടില്ലെന്നും അവിടങ്ങളിൽ വച്ചുള്ള ജുമുഅ: നിസ്​കാരം നിയമവിരുദ്ധവും കുറ്റകരവുമാണെന്നും അധികൃതർ അറിയിച്ചതായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ, വൈസ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്​ലിയാർ എന്നിവർ അറിയിച്ചു.
കേന്ദ്ര​സംസ്ഥാന സർക്കാരുകൾ ലോക്ക്ഡൗണുകളിൽ ഇളവുകൾ അനുവദിച്ച പശ്ചാത്തലത്തിൽ ജുമുഅ: നിസ്​കാരം ഇരുസർക്കാരുകളുടെ നിയന്ത്രണങ്ങൾ പാലിച്ച് നിർവ്വഹിക്കണം. ഒരു പള്ളിയിൽ ആളുകളുടെ എണ്ണം 100 ൽ പരിമിതപ്പെടുത്തിയതിനാൽ പുറമെയുള്ളവർക്ക് അതേ മഹല്ലിലെ നിസ്​കാരപള്ളികളിലും നമസ്കരിക്കാം. സൗകര്യമില്ലാത്ത അവസ്ഥയിൽ അവർക്ക് ജുമുഅ: നിർബന്ധമില്ല.. ളുഹ്​റ് നിസ്​കാരം നിർവ്വഹിച്ചാൽ മതി. നിയന്ത്രണങ്ങൾക്കു വിധേയമായി ആവശ്യമായ ക്രമീകരണങ്ങൾ മഹല്ല് കമ്മിറ്റി ഭാരവാഹികൾ ചെയ്യണമെന്നും അവർ അഭ്യർത്ഥിച്ചു.