പൊന്നാനി: പൊന്നാനിയിൽ ഹൈടെക് ഫിഷ് മാർക്കറ്റിന് അനുമതി. കോടതിപ്പടിയിൽ ഫിഷിംഗ് ഹാർബറിലാണ് ഹൈടെക് ഫിഷ് മാർക്കറ്റ് വരുന്നത്. തദ്ദേശീയ മത്സ്യ ഇനങ്ങൾ ചില്ലറയായി വിപണനം നടത്താനാണ് ഹൈടെക് ഫിഷ് മാർക്കറ്റ്. 1.27 കോടിയാണ് അനുവദിച്ചിട്ടുള്ളത്. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇടപെട്ടതിനെ തുടർന്ന് കിഫ്ബി പദ്ധതി പ്രകാരമാണ് പൊന്നാനിക്ക് ഫിഷ് മാർക്കറ്റ് അനുവദിച്ചത്.
364 സ്‌ക്വയർ മീറ്റർ പ്ലിന്ത് ഏരിയ ഉള്ള ഹൈടെക് ഫിഷ് മാർക്കറ്റിൽ 26 ഫിഷ് സ്റ്റാളുകൾ ഉണ്ടാകും. ശീതീകൃത സംവിധാനത്തോടെയും ആധുനിക സംവിധാനങ്ങളോടെയുമുള്ള ഹൈടെക് ഫിഷ് മാർക്കറ്റിന്റെ പ്ലാനും ഡിസൈനിംഗും സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് തയ്യാറാക്കുന്നത്.
പൊന്നാനി നഗരസഭയുടെ മുൻകൈയിൽ പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിന് തീരുമാനമായി.നഗരസഭാ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയമസഭ സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി ടി. ജമാലുദ്ധീർ,ഹാർബർ എൻജിനീയറിംഗ് എക്സിക്യൂട്ടീവ് എൻജിനീയർ കുഞ്ഞി മമ്മു പറവത്ത്,
കെ എസ് സി എ ഡി സി ജനറൽ മാനേജർ പി. അബ്ദുൾ മജീദ്,പ്രതിനിധി പി. ജാഫർ സാദിഖലി, ഐ ഫ് (എ എൻ പി ) പ്രതിനിധി കെ.പി.ഒ മജീദ് തുടങ്ങിയവർ പങ്കെടുത്തു