പെരിന്തൽമണ്ണ: അതിരാവിലെയുള്ള നടത്തവും വ്യായാമവും ഇഷ്ടപ്പെടുന്നവർക്ക് സന്തോഷവാർത്ത. നഗരത്തിൽ വിപുലമായ ഹെൽത്ത് വാക്ക്‌​വേ നിർമ്മാണത്തിന് നഗരസഭ തുടക്കം കുറിക്കുന്നു. മാനത്തുമംഗലം-​ പൊന്ന്യാകുർശ്ശി ബൈപ്പാസിലാണ് പ്രഭാതനടത്തം, വ്യായാമം, വിനോദം എന്നിവ ലക്ഷ്യം വച്ച് ഹെൽത്ത് വാക്ക്‌​വേ നിർമ്മിക്കുന്നത്.

മാനത്തുമംഗലം ജംഗ്ഷനിൽ നിന്നും പൊന്ന്യാകുർശ്ശി ജംഗ്ഷൻ വരെയുള്ള മൂന്നു കിലോമീറ്റർ ദൂരത്തിൽ 1.5 മീറ്റർ വീതിയിലാണ് വാക്ക്‌വേ നിർമ്മാണം. രണ്ട്‌ സൈഡുകൾ കെട്ടിപ്പൊക്കി നടുവിൽ ഇന്റർലോക്ക് കട്ടകൾ പാകി നിർമ്മിക്കുന്ന വാക്ക്‌വേയിൽ നിലവിലുള്ള മരങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം പുതിയ മരങ്ങൾ, അലങ്കാരച്ചെടികൾ, ഇരിപ്പിടങ്ങൾ, പുൽമേടുകൾ, അലങ്കാര ലൈറ്റുകൾ എന്നിവ വിന്യസിച്ച് സൗന്ദര്യവത്കരിക്കും.
ഹെൽത്ത് വാക്ക്‌​വേയിൽ 500 മീറ്റർ ഭാഗമാണ് നഗരസഭ നിർമ്മിക്കുക. ഇതിന് 50 ലക്ഷം ചെലവാകും. ബാക്കി വരുന്ന 2.50 കിലോമീറ്റർ ദൂരം മൗലാന ആശുപത്രിയും പ്രമുഖ വ്യവസായ ഗ്രൂപ്പായ നാലകത്ത് ഗ്രാനൈറ്റ്സും സംയുക്തമായി സ്‌പോൺസർഷിപ്പിലൂടെയാണ് നിർമ്മിക്കുന്നത്.ഇതിനായുള്ള കരാർ ഒപ്പുവച്ചിട്ടുണ്ട്. ഇതിന് രണ്ടുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇങ്ങനെ മൊത്തം 2.50 കോടി രൂപ ചെലവിലാണ് ഹെൽത്ത് വാക്ക്‌​വേ നിർമ്മിക്കുന്നത്.ഹെൽത്ത് വാക്ക്‌വേയുടെ 15 വർഷത്തെ നിർമ്മാണവും പരിപാലനവും നടത്തിപ്പും സ്‌പോൺസർമാർ നിർവ്വഹിക്കണം. സ്‌പോൺസർമാരുടെ പരസ്യം വാക്ക്‌​വേയിൽ പ്രദർശിപ്പിക്കാം. ജൂലൈ 20നകം നിർമ്മാണം പൂർത്തീകരിക്കും.

ഹെൽത്ത് വാക്ക് വെയുടെ നിർമ്മാണ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം മുഹമ്മദ് സലിം നിർവ്വഹിച്ചു. മൗലാന ​ നാലകത്ത് ഗ്രൂപ്പ് ചെയർമാൻ എൻ.റഷീദ് അദ്ധ്യക്ഷനായി. കിഴ്‌ശേരി മുസ്തഫ, എ. രതി, താമരത്ത് ഉസ്മാൻ, കെ.സുന്ദരൻ, ഇ.പി. അരുൺ, എൻ.പ്രസന്നകുമാർ, കെ. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു