ffff
.

പൊന്നാനി: കാലവർഷം ശക്തമാകുമ്പോഴും, കടലാക്രമണത്തിനെതിരെ ജിയോ ടെക്സ്റ്റൈൽ ട്യൂബുകൾ സ്ഥാപിച്ചുകൊണ്ടുള്ള തീരസംരക്ഷണം നടപ്പായിട്ടില്ല. ഇത്തവണയും പൊന്നാനി തീരത്തിന് തിരമാലകളുടെ മർദ്ദനമേൽക്കേണ്ടി വരും. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ സ്ഥാപിക്കാനുള്ള ജിയോ ബാഗുകൾ ഛത്തീസ്ഗഡിൽ നിന്ന് പൊന്നാനിയിലെത്തിച്ചെങ്കിലും ഇവ സ്ഥാപിക്കാനായിട്ടില്ല. പദ്ധതിക്ക് സർക്കാരിൽ നിന്നുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും പദ്ധതി നടപ്പാക്കുന്ന ഏജൻസിയുടെ ഉരുണ്ടുകളിയാണ് തീരസംരക്ഷണം വൈകിക്കുന്നത്.

പൊന്നാനി, പാലപ്പെട്ടി മേഖലയിലെ കടലാക്രമണം രൂക്ഷമായ അഞ്ചിടങ്ങളിലാണ് ജിയോ ബാഗുകൾ ഉപയോഗിച്ചുള്ള കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ നടത്താൻ തീരുമാനിച്ചിരുന്നത്. അലിയാർ പള്ളിക്ക് സമീപം നൂറു മീറ്റർ ഭാഗത്ത് 75 ലക്ഷം രൂപ ചെലവിലും തെക്കേകടവ് ഭാഗത്ത് 175 മീറ്റർ 1,31,25,000 രൂപ ചെലവിലും ഹിളർ പള്ളി, മുറിഞ്ഞഴി എന്നിവിടങ്ങളിലായി 50 മീറ്റർ വീതം 37,50,000 ചെലവിലുമാണ് ജിയോ ട്യൂബ് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. 20 മീറ്റർ നീളവും മൂന്നുമീറ്റർ വിസ്തീർണ്ണവുമുള്ള വൃത്താകൃതിയിലുള്ള ട്യൂബുകളാണ് പദ്ധതിയുടെ ഭാഗമായി തീരത്ത് സ്ഥാപിക്കുക. 4.4 മീറ്റർ ഉയരത്തിലായിരിക്കും ഇത്. നിലവിലുള്ള കടൽഭിത്തിക്ക് പിന്നിലായി ട്യൂബുകൾ സ്ഥാപിക്കും.

2.81 കോടി രൂപ ചെലവിലാണ് പദ്ധതി. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.

അഞ്ച് കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന ട്യൂബ് പദ്ധതി വിജയകരമാണെങ്കിൽ പൊന്നാനി തീരത്ത് മുഴുവനായും വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. പദ്ധതി യാഥാർത്ഥ്യമാകാത്തതിനാൽ ഈ മേഖലയിൽ ഇത്തവണയും കടലാക്രമണം രൂക്ഷമാകും. കഴിഞ്ഞ വർഷം വലിയ നാശനഷ്ടമാണ് പൊന്നാനി തീരദേശ മേഖലയിലുണ്ടായത്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരത്തും അഴീക്കൽ മേഖലയിലെ കുറച്ചു ഭാഗത്തുമാണ് ഈ വർഷം പുതുതായി കടൽഭിത്തി സ്ഥാപിച്ചത്. മറ്റിടങ്ങളിലൊന്നും തീരസംരക്ഷണ സംവിധാനങ്ങളില്ല.