മലപ്പുറം: ജില്ലയിൽ പത്തുപേർക്ക് കൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും രണ്ട് പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ഇവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
കോഴിക്കോട് വൈറസ് ബാധ സ്ഥിരീകരിച്ച ബന്ധുവുമായി സമ്പർക്കമുണ്ടായ കീഴുപറമ്പ് വാലില്ലാപ്പുഴ സ്വദേശിയായ മൂന്നര വയസുകാരൻ, മേയ് അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കൽപ്പകഞ്ചേരി മാമ്പ്ര സ്വദേശിയുടെ മാതാവ് (65), തെന്നല അറക്കലിൽ താമസിക്കുന്ന സേലം സ്വദേശിനി( 40), തെന്നല പൂക്കിപ്പറമ്പ് സ്വദേശി(36), തെന്നല കുറ്റിപ്പാല സ്വദേശി( 26)എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
മേയ് 22ന് സ്വകാര്യവാഹനത്തിൽ ബംഗളൂരുവിൽ നിന്നെത്തിയ വഴിക്കടവ് പൂവത്തിപ്പൊയിൽ സ്വദേശിനി( 22), മേയ് 13 ന് മുംബൈയിൽ നിന്ന് സ്വകാര്യബസിൽ നാട്ടിലെത്തിയ എടരിക്കോട് കുറ്റിപ്പാല സ്വദേശി( 35), ജൂൺ ആറിന് ഷിമോഗയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ തിരിച്ചെത്തിയ ചെമ്മാട് കറുമ്പിൽ സ്വദേശിനി ഗർഭിണിയായ( 25), മേയ് 31 ന് റിയാദിൽ നിന്ന് തിരുവനന്തപുരം വഴി തിരിച്ചെത്തിയ എടക്കര പായിമ്പാടത്ത് സ്വദേശി( 45), മേയ് 29ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ഒഴൂർ ഓമച്ചപ്പുഴ സ്വദേശി(34) എന്നിവർക്കുമാണ് ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണം. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.