തിരൂരങ്ങാടി: മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ വൈദ്യുതി മോഷണം പിടികൂടി. മൂന്നിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ലീഗ് നേതാവുമായ ഹൈദർ കെ. മൂന്നിയൂരിന്റെ വീട്ടിലെ വൈദ്യുതി മോഷണമാണ് മലപ്പുറത്തു നിന്നെത്തിയ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. റീഡിംഗ് കാണിക്കാത്ത വിധം മീറ്ററിൽ കൃത്രിമം കാണിച്ചാണ് വൈദ്യുതി ഉപയോഗിച്ചിരുന്നത്. 1,69,000 രൂപ പിഴയിട്ടിട്ടുണ്ട്. വൈദ്യുതി വകുപ്പധികൃതർ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ മോഷണം സംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്. വൈദ്യുതി ബിൽ വർദ്ധനയുണ്ടെന്ന് ആരോപിച്ച് തലപ്പാറ വൈദ്യുതി സെക്‌ഷനു മുമ്പിൽ ഹൈദർ കെ മൂന്നിയൂരിന്റെ നേതൃത്വത്തിൽ മുസ്ലീം ലീഗ് സമരം നടത്തിയിരുന്നു.