പെരിന്തൽമണ്ണ: അനധികൃത മണൽലോറിയെ പൊലീസ് പിന്തുടരുന്നതിനിടെ ഡ്രൈവർ ചാടി രക്ഷപ്പെട്ടു. പിറകോട്ടു നീങ്ങിയ ലോറിക്ക് പിറകിൽ നിന്ന് പൊലീസ് സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നലെ പുലർച്ചെ രണ്ടിന് വളപുരം നീലുകാവിൽ കുളമ്പിലാണ് സംഭവം. കുളത്തൂർ പൊലീസ് ഇൻസ്‌പെക്ടർ പി.എം ഷമീറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സംഘം എത്തിയത്. സമീപത്തെ പുഴയിൽ
നിന്ന് മണലെടുത്ത് വരികയായിരുന്നു ലോറി. പൊലീസ് സംഘത്തെ കണ്ട് ലോറി കുത്തനെയുള്ള റോഡിലേക്ക് കയറ്റി രക്ഷപ്പെടാൻ ശ്രമിക്കവേ കാറിൽ പിന്തുടർന്ന പൊലീസിന് പിടി കൊടുക്കാതിരിക്കാൻ വലിയ കയറ്റത്തിൽ വച്ച് ലോറിഡ്രൈവർ വാഹനം വേഗത കുറച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പിന്നിലേക്ക് നിരങ്ങി ഇറങ്ങിയ ലോറിയിലിടിക്കാതെ പൊലീസ് സംഘം സഞ്ചരിച്ചിരുന്ന കാർ വെട്ടിച്ച് നീക്കാൻ ശ്രമിച്ചു. ഇതിനിടെ മണൽലോറി സമീപത്തെ സ്വകാര്യ സ്ഥലത്തിന്റെ മതിലിൽ ഇടിച്ച് മറിഞ്ഞതോടെയാണ് പൊലീസുകാർ രക്ഷപ്പെട്ടത്.
എസ്.ഐ റെജിമോൻ ജോസഫ്, സി.പി.ഒമാരായ ഷംസുദ്ദീൻ, പ്രിയജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.