തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ മൂന്ന് പുതിയ സസ്യങ്ങളെ കണ്ടെത്തി. ബോട്ടണി പഠനവിഭാഗം പ്രൊഫ. ഡോ.സന്തോഷ് നമ്പി, ഗവേഷകരായ തൃശൂര്‍ തൈക്കാട്ടുശ്ശേരി സ്വദേശി വിഷ്ണു മോഹന്‍, കോഴിക്കോട് സ്വദേശിനി ഡാനി ഫ്രാന്‍സിസ്, തൃശൂര്‍ പാലയ്ക്കല്‍ സ്വദേശിനി ദിവ്യ കെ. വേണുഗോപാല്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ സസ്യങ്ങളെ കണ്ടെത്തിയത്.
കാശിത്തുമ്പ കുടുംബമായ (ബാള്‍സാമിനെസിയെ) ഇമ്പേഷ്യന്‍സ് ജനുസ്സില്‍ ഉള്‍പ്പെട്ട ഇമ്പേഷ്യന്‍സ് നിദോലപത്ര, ഇമ്പേഷ്യന്‍സ് ഗ്രാന്‍ഡിസ്‌പോറ സസ്യങ്ങള്‍ ഇടുക്കി മാങ്കുളം വനമേഖലയിലാണ് കണ്ടെത്തിയത്. പിങ്ക് നിറത്തിലുള്ള പൂക്കളും നേര്‍ത്ത ഇലകളുമാണ് നിദോലപത്രയെ വ്യത്യസ്തമാക്കുന്നത്. ഇളംറോസ് നിറത്തിലൂള്ള ദളങ്ങളും വലിപ്പമേറിയ പരാഗരേണുക്കളുമാണ് ഇമ്പേഷ്യന്‍സ് ഗ്രാന്‍ഡിസ്‌പോറയുടെ സവിശേഷത. കിഴങ്ങുകളില്‍ നിന്ന് പ്രജനനം നടത്തുന്ന ഈ സസ്യം കാലവര്‍ഷത്തിന്റെ അവസാനത്തോടെ പുഷ്പിക്കുകയും പിന്നീടുണ്ടാകുന്ന അപ്രതീക്ഷിതമായ മഴയില്‍ ഇല്ലാതാവുകയും ചെയ്യുന്നു. മണ്ണിനടിയില്‍ അവശേഷിക്കുന്ന കിഴങ്ങുകള്‍ അനുയോജ്യമായ കാലാവസ്ഥയില്‍ വീണ്ടും മുളച്ചുവരും.
മീശപ്പുലിമലയില്‍ നിന്നും കണ്ടെത്തിയ എരിയോകോളേസിയെ കുടുംബത്തില്‍പ്പെട്ട എരിയോകോളന്‍ വാമനെ കാഴ്ചയിൽ ചെറുതാണ്. വേറിട്ടുനില്‍ക്കുന്ന ദളങ്ങളോടുകൂടിയ ആണ്‍പുഷ്പവും രോമങ്ങളോടുകൂടിയ പെണ്‍പുഷ്പവും ഈ സസ്യത്തിന്റെ സവിശേഷതകളാണ്.
എരിയോകോളന്‍ വാമനെയുടെ പഠനഫലം യു.കെ.യിലെ സസ്യവര്‍ഗ്ഗീകരണ ജേണലായ എഡിന്‍ബര്‍ഗ് ജേണല്‍ ഒഫ് ബോട്ടണിയുടെ ഫെബ്രുവരി ലക്കത്തിലും ഇമ്പേഷ്യന്‍സ് സ്പീഷിസുകള്‍ തായ്‌വാനിൽ നിന്നുള്ള തായ്‌വാനിയയുടെ പുതിയ ലക്കത്തിലും ഇടംനേടി