തിരൂരങ്ങാടി: തെരുവുനായ്ക്കളുടെ ശല്യം കാരണം ചെമ്മാട് നഗരത്തിൽ യാത്രക്കാർക്ക് റോഡിലിറങ്ങാൻ വയ്യാതായി. നായ്ക്കൾ ഒറ്റയായും കൂട്ടത്തോടെയും ആളുകളെ തൊട്ടുരുമ്മി കടന്നുപോകുന്നത് ടൗണിലെ സ്ഥിരം കാഴ്ചയാണ്. താലൂക്ക് ആശുപത്രി, താലൂക്ക് ഓഫീസ് വളപ്പ്, പൊലീസ് ക്വാർട്ടേഴ്സ് കോമ്പൗണ്ട് എന്നിവിടങ്ങളാണ് ഇവയുടെ പ്രധാന താവളം. ഇവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട തൊണ്ടി വാഹനങ്ങൾക്കിടയിൽ ഇവ പെറ്റുപെരുകുകയാണ്. കല്യാണവും സത്കാരവും ഹോട്ടലുകളും ഇല്ലാത്തതിനാൽ ഭക്ഷണം കിട്ടാതെ അലഞ്ഞു നടക്കുന്നവയുടെ എണ്ണം കൂടുന്നുണ്ട്. സാമൂഹ്യപ്രവർത്തകരും മറ്റും നൽകുന്ന ഭക്ഷണമാണ് മിക്കവയുടെയും ആശ്രയം .
കഴിഞ്ഞ മാസം പൊലീസ് ക്വാർട്ടേഴ്സിൽ നിന്നും റൂമിന്റെ മുമ്പിൽ അഴിച്ചുവച്ചിരുന്ന ചെരുപ്പും ഷൂവും നായ്ക്കൾ കടിച്ചെടുത്തിരുന്നു. തൊട്ടടുത്ത താലൂക്ക് ആശുപതി മോർച്ചറിയുടെ പിൻവശത്ത് ഇവ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. താലൂക്ക് ഓഫീസിന്റെ പഴയ കെട്ടിടം പുരാവസ്തു കേന്ദ്രത്തിന്റെ പ്രവൃത്തികൾക്കായി ഒഴിഞ്ഞതോടെ തെരുവ് നായ്ക്കൾക്ക് സുഖവാസകേന്ദ്രം ലഭിച്ച പ്രതീതിയാണ്.
ലോക്ക് ഡൗൺ ഇളവ് വന്നതോടെ താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, സബ് രജിസ്ട്രാർ ഓഫീസ്,സബ് ട്രഷറി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും നായ ഭീഷണി നേരിടുന്നുണ്ട്. നഗരസഭയുടെ മേൽനോട്ടത്തിലാണ് താലൂക്ക് ആശുപത്രി ഉള്ളത്. ആശുപത്രിയുടെ വിവിധ ഇടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. തെരുവ് നായ്ക്കളുടെ ശല്യം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ്
ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം,