മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വിക്ടേഴ്സ് വഴിയുള്ള ഓൺലെെൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്തത് ജില്ലയിൽ ഇനി 1025 വിദ്യാർത്ഥികൾക്ക് മാത്രം. ഓൺലെെൻ ക്ലാസ് തുടങ്ങിയ ജൂൺ ഒന്നിന് ജില്ലയിൽ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്ത 64,000 വിദ്യാർത്ഥികളുണ്ടായിരുന്നു. ബാക്കിയുള്ള വിദ്യാർത്ഥികൾക്കെല്ലാം ഓൺലെെൻ പഠന സൗകര്യമൊരുങ്ങിയിട്ടുണ്ട്.
ജില്ലയിലെ എം.എൽ.എമാർ, വിദ്യാർത്ഥി-യുവജന സംഘടനകൾ, അദ്ധ്യാപക സംഘടനകൾ, സന്നദ്ധ സംഘടനകൾ, വിവിധ ബാങ്കുകൾ, പൊതുജനങ്ങൾ തുടങ്ങിയവരെ സഹകരിപ്പിച്ചാണ് പഠനസൗകര്യമൊരുക്കിയത്. പല സംഘടനകളും നൂറിലധികം ടിവികളാണ് വിവിധ കേന്ദ്രങ്ങളിലേക്കും വിദ്യാർത്ഥികൾക്കുമായി നൽകിയിട്ടുള്ളത്. കുട്ടികൾക്ക് ടിവി നൽകാൻ വിവിധ സ്കൂൾ അധികാരികളും രംഗത്ത് വന്നിരുന്നു.
പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കാനായി സമഗ്ര ശിക്ഷാ കേരളയുടെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളുടെയും പഞ്ചായത്തുകളിലെ വാർഡുതല സമിതികളുടെയും നേതൃത്വത്തിൽ അവസാനഘട്ട ഒരുക്കങ്ങൾ നടക്കുകയാണ്. വാർഡംഗം ചെയർമാനും വാർഡിലെ ഒരു അദ്ധ്യാപകൻ കൺവീനറുമായ സമിതികളാണ് പഠന സൗകര്യങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത്. സ്വന്തമായി ടി.വി സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി അംഗനവാടികൾ, വായനശാലകൾ, ക്ലബ്ബുകൾ, പ്രതിഭാകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ടി.വി സൗകര്യം ഏർപ്പെടുത്തിയാണ് ഓൺലൈൻ പഠനം മുന്നോട്ടുകൊണ്ടുപോവുന്നത്.
മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലെെൻ പഠനസൗകര്യമൊരുക്കാനുള്ള അവസാനഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കെ.എസ്. കുസുമം
ഡി.ഡി.ഇ