1
അറവുശാലയിൽ പുറത്തേക്കൊഴുക്കുന്ന മലിനജലം

മഞ്ചേരി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ആരോഗ്യഭീഷണിയുയർത്തുകയാണ് മഞ്ചേരി നഗരസഭയിലെ വേട്ടേക്കോട് പ്രവർത്തിക്കുന്ന ആധുനിക അറവുശാല. തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അറവുശാല പ്രവർത്തിച്ചു വരുന്നത്.
പ്രതിദിനം അമ്പതോളം മാടുകളെയാണ് ഇവിടെ കശാപ്പ് ചെയ്യുന്നത്. ഒരോ മാടിനും നൂറു രൂപയിൽ കുറയാത്ത തുക ഫീസായി നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാൽ അറവിനുള്ള യാതൊരു സൗകര്യവും വർഷങ്ങളായി നഗരസഭ ഒരുക്കിയിട്ടില്ല.
ഒരു വെറ്ററിനറി ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ ആന്റി മോർട്ടവും പോസ്റ്റു‌മോർട്ടവും നടത്തുന്നതടക്കം, വൃത്തിയുള്ള സാഹചര്യത്തിൽ യന്ത്രങ്ങളുടെ സഹായത്താലേ നിയമപരമായി മാടുകളെ കശാപ്പു ചെയ്യാവൂ. എന്നാൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ തോന്നിയയിടത്ത് മാടുകളെ കശാപ്പു ചെയ്യാൻ എല്ലാ വിധ ലൈസൻസുമാണ് നഗരസഭ നൽകിയിട്ടുള്ളത്.
പൊല്യൂഷൻ കൺട്രോൾ ബോ‌ർഡിന്റെ അനുവാദമില്ലാതെ ഒരറവുശാലയ്ക്കും പ്രവർത്തിക്കാൻ കഴിയില്ല . പക്ഷേ, നഗരസഭയിൽ പത്തു വർഷത്തിലധികമായി ലൈസൻസില്ലാതെ അറവുശാല പ്രവർത്തിക്കുന്നത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായി വീഴ്ച്ച വരുത്തിയത് കാരണം അറവുശാല അടച്ചുപൂട്ടാൻ വർഷങ്ങൾക്ക് മുമ്പ് ബോർഡ് നഗരസഭയ്ക്ക് നോട്ടീസ് നൽകിയതാണ്.
ഗർഭിണികളായ മാടുകളെ അറവ് ചെയ്ത് കിടാവിനെ തെരുവിൽ പട്ടികൾ വലിച്ചു കീറിയതും രോഗാതുരമായ മാടുകളെ കശാപ്പു ചെയ്യുന്നതും പുഴുവരിക്കുന്ന അറവുമാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതും നേരത്തെ പ്രദേശവാസികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
അറവുശാലയിൽ പുറത്തേക്കൊഴുക്കുന്ന മലിനജലം സമീപ പ്രദേശങ്ങളിലാകെ രോഗഭീതി പരത്തുന്നുണ്ട്..