മലപ്പുറം: ജില്ലയിൽ 15 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ എട്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ ഇതരസംസ്ഥാനത്ത് നിന്നും ആറുപേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയിൽ മൊത്തം കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 208 ആയി. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരിൽ ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഐസൊലേഷനിൽ ചികിത്സയിലാണ്. മഞ്ചേരിയിൽ ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിക്കും ഒരു പാലക്കാട് സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മേയ് 17ന് രോഗം സ്ഥിരീകരിച്ച മൂന്നിയൂർ ചിനക്കൽ സ്വദേശിയുടെ(48 )​ പത്ത് ദിവസം പ്രായമായ പേരമകൾ, തെന്നല ഗ്രാമപഞ്ചായത്തിലെ ആശാ വർക്കറായ വെന്നിയൂർ പെരുമ്പുഴ സ്വദേശിനി( 39)​, തെന്നല ഗ്രാമ പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ വട്ടംകുളം അത്താണിക്കൽ സ്വദേശിനി (44)​, എടയൂർ ഗ്രാമപഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റായ വളാഞ്ചേരി സ്വദേശി( 30)​,​ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ ശുചീകരണ ജീവനക്കാരനായ തിരുവാലി സ്വദേശി( 36 )​, തിരുന്നാവായ ഗ്രാമ പഞ്ചായത്തിലെ 108 ആംബുലൻസിലെ നഴ്സ് തിരുവനന്തപുരം നേമം സ്വദേശിനി(30)​, പെരിന്തൽമണ്ണ ഫയർഫോഴ്സിനൊപ്പം പ്രവർത്തിച്ച സിവിൽ ഡിഫൻസ് ഫോഴ്സ് വാളന്റിയർ ആലിപ്പറമ്പ് ആനമങ്ങാട് സ്വദേശിനി( 31)​,​ കരുവാരക്കുണ്ടിലെ 108 ആംബുലൻസ് ഡ്രൈവറായ കോഴിക്കോട് കക്കോടി സ്വദേശി (24)​ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

മേയ് 29ന് മുംബൈയിൽ നിന്ന് സ്വകാര്യ ബസിൽ നാട്ടിലെത്തിയ വട്ടംകുളം കുറ്റിപ്പാല സ്വദേശി(57)​, മേയ് 27 ന് കുവൈത്തിൽ നിന്ന് കൊച്ചി വഴി പ്രത്യേക വിമാനത്തിൽ ഒരുമിച്ച് നാട്ടിലെത്തിയ തിരൂരങ്ങാടി ചെമ്മാട് സ്വദേശി( 70)​, പൊന്മുണ്ടം വൈലത്തൂർ അടർശ്ശേരി സ്വദേശി( 40)​, കീഴാറ്റൂർ ആലിപ്പറമ്പ് സ്വദേശി(45)​, വെട്ടം പറവണ്ണ വിദ്യാനഗർ സ്വദേശി (40)​ , പുൽപ്പറ്റ വളമംഗലം സ്വദേശി (43)​, ജൂൺ 10 ന് ദമാമിൽ നിന്ന് കണ്ണൂരിലെത്തിയ ഭൂദാനം വെളുമ്പിയം സ്വദേശി( 40)​ എന്നിവർക്കും പുതുതായി രോഗബാധ സ്ഥിരീകരിച്ചു.

ഇവരെക്കൂടാതെ മസ്‌ക്കറ്റിൽ നിന്ന് ജൂൺ ആറിന് കരിപ്പൂരിലെത്തിയ പാലക്കാട് പത്തിത്തറ ഒതളൂർ സ്വദേശി (50)​ , കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനായ കോഴിക്കോട് കുതിരവട്ടം മയിലമ്പാടി സ്വദേശി( 26)​ എന്നിവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഹൃദയ സംബന്ധമായ അസുഖവും ന്യുമോണിയയുമുള്ള പാലക്കാട് ഒതളൂർ സ്വദേശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണം. വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം.

ജില്ലാ കളക്ടർ

ഏഴ് പേർ കൂടി രോഗ വിമുക്തരായി

മലപ്പുറം: കൊവിഡ് സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഏഴ് പേർ കൂടി രോഗമുക്തരായി. ഇവരെ തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റി

13,270 പേരാണ് ജില്ലയിൽ ആകെ കൊവിഡ് നിരീക്ഷണത്തിലുള്ളത്

894 പേർക്കുകൂടി ജില്ലയിൽ ഇന്നലെ കൊവിഡ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി