എടപ്പാൾ : രണ്ടുപേർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് എടപ്പാളിൽ നിയന്ത്രണം കർശനമാക്കി. കഴിഞ്ഞ ദിവസം എടപ്പാൾ പഞ്ചായത്ത് ഓഫീസ് ഡ്രൈവർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രൈമറി കോൺടാക്ടിലുള്ള 12 പേരെ കഴിഞ്ഞ ദിവസം രാത്രിയും നാലുപേരെ ഇന്നലെയും പരിശോധനയ്ക്ക് വിധേയമാക്കി. നേരിട്ട് ബന്ധമില്ലാത്തവരെ കണ്ടെത്താൻ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് . ഇവരെ വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി സംസ്ഥാന സർവൈലൻസ് ടീമിന്റെ സഹായം തേടി. ശേഷം പരിശോധന ആവശ്യമുള്ളവരെ പരിശോധനക്കായി തിരൂരിലേക്ക് കൊണ്ടുപോകുന്നതിന് പകരം എടപ്പാളിൽ വച്ച് തന്നെ പരിശോധിക്കും. തമിഴ്നാട് സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പരിശോധനക്കയച്ച ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിവരുടെ ഫലം നെഗറ്റീവായത് ആശ്വാസകരമായെങ്കിലും ഇവരോടൊപ്പം പരിശോധനയ്ക്ക് വിധേയമാക്കിയവരുടെ ഫലം വരാത്തത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഒരാഴ്ചയായി എടപ്പാളിൽ റെഡ് സോൺ ആയതിനാൽ പഞ്ചായത്ത് ഓഫീസിൽ ഫ്രണ്ട് ഓഫീസ് മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇന്നലെ മുതൽ പൂർണ്ണമായും അടച്ചു.
പഞ്ചായത്ത് ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും ഉൾപ്പടെയുള്ളവർ പഞ്ചായത്ത് കേന്ദ്രങ്ങളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. ഇതിനിടയിൽ പൊലീസ് നടപടികൾ കർശനമാക്കി. ചങ്ങരംകുളം പൊലീസിന്റെയും റിസർവ് പൊലീസിന്റെയും നേതൃത്വത്തിലാണ് പരിശോധനകൾ കർശനമാക്കിയത്. ഇന്നലെ നിർദ്ദേശങ്ങൾ ലംഘിച്ചവർക്കെതിരെ പൊലീസ് നിയമ നടപടികൾ സ്വീകരിച്ചു. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും തുറക്കുന്ന കടകൾക്കെതിരെ നടപടികൾ എടുക്കാനും തീരുമാനമായി. ഇതിനിടയിൽ ഇന്നുമുതൽ എടപ്പാൾ ടൗണിലെ പഴം, മത്സ്യ, മാംസ വിൽപ്പന കേന്ദ്രങ്ങൾ അടച്ചിടാൻ പൊലീസ് നിർദേശം നൽകി. നാലുദിവസം അടച്ചിടാനാണ് നിർദ്ദേശം. ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് പിന്നീട് കൊവിഡ് 19 സ്ഥിരീകരിച്ചാൽ അവർക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.