തിരൂരങ്ങാടി : മൈസൂരിനടുത്ത് ചാമരാജനഗറിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ബിസിനസ്പാ ർട്ണറും സഹായിയും അറസ്റ്റിൽ. കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളായ മുത്തലിബ്, ജംഷീർ എന്നിവരെയാണ് ആത്മഹത്യാപ്രേരണയ്ക്ക് ചാമരാജനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം എ.ആർ നഗർ യാറത്തുംപടി പാലമടത്തിൽചിന സ്വദേശി പാലമടത്തിൽ ഹംസ (35) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. വെള്ളിയാഴ്ച പുലർച്ചെയാണ് ഹംസ പൊള്ളലേറ്റ് മരിച്ചത്. മരണവിവരം പ്രതികളാണ് ഹംസയുടെ വീട്ടിലറിയിച്ചത്.
ചാമരാജനഗർ നഗരത്തിലെ രാജധാനി ബേക്കറി, മയൂര ലോഡ്ജ് എന്നിവ നടത്തുന്നയാളാണ് മുത്തലിബ്. ഇവയുടെ
നടത്തിപ്പിലെ പങ്കാളിയായിരുന്നു ഹംസ. എട്ടുവർഷത്തോളമായി ഇവർ തമ്മിൽ ബിസിനസ് ബന്ധമുണ്ട്. ലോഡ്ജിന്റെ മാനേജരാണ് ജംഷീർ. തന്റെ മരണത്തിന് ഉത്തരവാദികൾ മുത്തലിബും ജാബിറുമാണെന്ന് ഹംസ വാട്ട്സാപ്പിൽ സ്റ്റാറ്റസായി വച്ചിരുന്നു. മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കൾ ചാമരാജനഗർ പൊലീസിന് പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. ഇവർ തമ്മിലുണ്ടായ സാമ്പത്തിക പ്രശ്നമാണ് ഹംസയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു.