കുറ്റിപ്പുറം : ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലിരുന്നാണ് തവനൂർ അതളൂരിലെ കുമ്പനാമ്പുറത്ത് റഹീസും റമീസയും ഇത്രയും കാലം പഠിച്ചത്.വൈദ്യുതിക്കായി അപേക്ഷിച്ചിട്ട് പത്തുവർഷമായെങ്കിലും ഇതുവരെ കണക്ഷൻ ലഭ്യമായിട്ടില്ല. പക്ഷേ, പഠനം ഓൺലൈനിലായതോടെ പാടുപെടുകയാണ് ഈ വിദ്യാർത്ഥികൾ. പഠനത്തിന് ഫോണില്ലാത്ത വിഷമം കണ്ട് ഉദാരമതിയായ ഒരാൾ കുട്ടികൾക്ക് ഒരു ടാബ്ലെറ്റ് സമ്മാനിച്ചിരുന്നു. പക്ഷേ, ചാർജ്ജ് ചെയ്യണമെങ്കിൽ അയൽവീട്ടിൽ പോവണം.
അബ്ദുറഹ്മാൻ- സാഹിറ ദമ്പതികളുടെ മക്കളാണ് റഹീസും റമീസയും. പന്തൽജോലിക്കു പോകുന്നയാളാണ് അബ്ദുറഹ്മാൻ. അടച്ചുറപ്പുള്ള വീടുണ്ടെങ്കിലും വൈദ്യുതിയെത്തിയിട്ടില്ല. വൈദ്യതി കണക്ഷൻ വലിക്കാൻ വഴി നൽകാൻ സമീപവാസികൾ തയ്യാറാവാത്തതാണ് പ്രശ്നം. പത്തുവർഷമായി വൈദ്യുതിക്കായി അബ്ദുറഹ്മാൻ മുട്ടാത്ത വാതിലുകളില്ല. തവനൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലാണ് കുടുംബം കഴിയുന്നത്.
റഹീസ് പൊന്നാനി സ്കോളാർ കോളേജിൽ ഡിഗ്രിക്കും റമീസകുറ്റിപ്പുറം വിമൺസ് കോളേജിൽ പ്ളസ് ടുവിനും ആണ് പഠിക്കുന്നത്. ജീവിതപ്രാരാബ്ധങ്ങൾക്കിടയിലും ഏറെ പാടുപെട്ടാണ് ഇവർ പഠനം മുന്നോട്ടുകൊണ്ടുപോവുന്നത്. ഓൺലൈൻ പഠനമായതോടെ വൈദ്യുതിയില്ലാത്തതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവപ്പെടുന്നുണ്ട്.
വീട്ടിലേക്ക് വഴിയില്ലാത്തതും കുട്ടികൾക്ക് പഠനത്തിന് വലിയ പ്രതിസന്ധി തീർക്കാറുണ്ട്. മഴക്കാലത്ത് പാടത്തിലൂടെ മുട്ടറ്റം ചളിവെള്ളത്തിൽ വേണം പോവാൻ . മറ്റൊരു പാന്റിട്ട് മുട്ടുവരെ ഉയർത്തി വച്ചാണ്ചെളിവെള്ളത്തിലൂടെ റോഡിലെത്തുക. യൂണിഫോം പാന്റ് പിന്നെയാണ് ധരിക്കാറ്. പാടത്തെ ചേറുവെള്ളം തട്ടി കാൽ വിരലുകളിൽ ചൊറിഞ്ഞുപൊട്ടുന്ന പ്രശ്നവും കുട്ടികൾക്കുണ്ടെന്ന് മാതാവ് സാഹിറ പറഞ്ഞു.