മലപ്പുറം: ജില്ലയിൽ മൂന്നുപേർക്ക് കൂടി ഇന്നലെ കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും മറ്റൊരാൾ വിദേശരാജ്യത്ത് നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവർക്ക് പുറമെ മഞ്ചേരിയിൽ ചികിത്സയിലുള്ള തൃശ്ശൂർ ജില്ലയിലെ ആരോഗ്യ പ്രവർത്തകയ്ക്കും ഇന്നലെ
വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

പെരിന്തൽമണ്ണ ഫയർഫോഴ്സിനൊപ്പം പ്രവർത്തിച്ച സിവിൽ ഡിഫൻസ് ഫോഴ്സ് വാളൻഡിയർ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി 30 കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ജൂൺ ആറിന് റിയാദിൽ നിന്നും കരിപ്പൂർ വഴി നാട്ടിലെത്തിയ ഒഴൂർ ഓമച്ചപ്പുഴ സ്വദേശി 40 കാരൻ, ജൂൺ ഒന്നിന് മുംബൈയിൽ നിന്നും വിമാനമാർഗം നാട്ടിലെത്തിയ മംഗലം കൂട്ടായി സ്വദേശി 40 കാരൻ എന്നിവർക്കാണ് ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

ഇവർക്കുപുറമെ മഞ്ചേരിയിൽ ചികിത്സയിലുള്ള തൃശൂർ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക മാറഞ്ചേരി സ്വദേശിനി 43 വയസുകാരിക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കൊവിഡ് -19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അഞ്ചുപേർ കൂടി രോഗമുക്തരായി. ഇവരെ തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റി ഡോ. കെ. സക്കീന,​ ജില്ലാ മെഡിക്കൽ ഓഫീസർ 839 പേർക്ക് കൂടി ജില്ലയിൽ പുതുതായി കൊവിഡ് നിരീക്ഷണം ഏർപ്പെടുത്തി 13,322 പേരാണ് നിലവിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത് 207 പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്.

കൊവിഡിൽ വാടി ഫയർ സ്റ്റേഷൻ പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഫയർസ്റ്റേഷനിലെ 37 പേരും മലപ്പുറം സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരും മറ്റ് സ്റ്റേഷനുകളിലെ ആറ് ഓഫീസർമാരുമടക്കം 45 സേനാ അംഗങ്ങൾ ക്വാറന്റൈനിൽ പ്രവേശിച്ചത് ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളെ ബാധിച്ചേക്കും. 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം പരിശോധനാഫലം നെഗറ്റീവായാലേ ഇത്രയും ജീവനക്കാർക്ക് ജോലിയിൽ തിരിച്ചെത്താനാകൂ.കൊവിഡ് അണുനശീകരണവും മഴക്കാല ദുരന്തനിവാരണവും ഉൾപ്പെടെ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യപങ്കാണ് ഫയർ സർവീസ് വഹിക്കുന്നത്. ഇതിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും ഇനി രോഗം സ്ഥിരീകരിച്ചാൽ സേനയിലെ കൂടുതൽപേർ ഇനിയും നിരീക്ഷണത്തിൽ പോവേണ്ട സാഹചര്യമുണ്ടാകും. ഒപ്പം ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഇവരെ സഹായിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾ കൂടി ക്വാറന്റൈനിൽ പോവേണ്ടിവന്നാൽ ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാവും. പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിലെ ജീവനക്കാരന് പുറമേ കഴിഞ്ഞ ദിവസം ആനമങ്ങാട് സ്വദേശിനിയായ സിവിൽ ഡിഫൻസ് ഫോഴ്സ് വാളൻഡിയർക്കും കൊവിഡ് പോസിറ്റീവായിരുന്നു. പെരിന്തൽമണ്ണ ഫയർഫോഴ്സിനൊപ്പം പ്രവർത്തിച്ച കരുവാരക്കുണ്ട് സ്വദേശിയായ സിവിൽ ഡിഫൻസ് ഫോഴ്സ് വാളൻഡിയർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരായ മഹാരാഷ്ട്ര, ചെന്നൈ സ്വദേശികളുടെ താമസസ്ഥലം ശുചീകരിക്കുന്നതിനിടെയാണ് ഇവർക്ക് കൊവിഡ് ബാധിച്ചതെന്നാണ് നിഗമനം.പെരിന്തൽമണ്ണ ഫയര്‍‌സ്റ്റേഷനിലെ മുഴുവൻ പേരും ഇപ്പോൾ ക്വാറന്റൈനിലായതിനാൽ സ്റ്റേഷൻതാത്കാലികമായി അടച്ച മട്ടിലാണ്. ഫയര്‍‌സ്റ്റേഷനിൽ ക്വാറന്റൈനിൽ കഴിയുന്ന ഉദ്യോഗസ്ഥർ കാളുകൾ അറ്റന്റ് ചെയ്യുകയും മലപ്പുറം, മണ്ണാർക്കാട്, ഷൊർണ്ണൂർ സ്റ്റേഷനുകൾക്ക് കൈമാറുകയുമാണ് ചെയ്യുന്നത് . മലപ്പുറം സ്റ്റേഷനാണ് അധിക ചുമതല. ഇതും ദുരന്തനിവാരണത്തെ സാരമായി ബാധിക്കാനിടയുണ്ട്.